പുല്ലാട്: ത്രിതല തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് രാജി പ്രഖ്യാപനവുമായി കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത. കോൺഗ്രസ് നോമിനിയായി കഴിഞ്ഞ രണ്ടരവർഷം പ്രസിഡന്റായിരുന്ന സുജാത പാർട്ടിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് രണ്ടുതവണ സുജാതയ്ക്ക് സീറ്റ് നൽകിയിരുന്നു. ഇത്തവണ ആദ്യഘട്ടത്തിൽ കോൺഗ്രസിലെ സി.ജി. ആശയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.
പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നെങ്കിലും സുജാതയെ കോണ്‍ഗ്രസിലെ പൊതുവേദികളിലും മറ്റും ബോധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ജനറല്‍ വാര്‍ഡുകളില്‍ നിന്നുപോലും മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്നുള്ള ധാരണയും പൊതു സമൂഹത്തിന് സുജാതയെപ്പറ്റിയുണ്ടായിരുന്നു. എന്നാല്‍ ആസൂത്രിതമായി ഇവരെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒഴിവാക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിനുണ്ടായിരുന്നു.
അവസാന ഘട്ടത്തിലും സീറ്റു നിഷേധിച്ചതിനേ തുടര്‍ന്നാണിവര്‍ ഇന്നലെ രാവിലെ 10.25 ന് കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സാങ്കേതികമായി രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി ഇവര്‍ നേതൃത്വത്തെ അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സുജാതയ്ക്ക് പാർട്ടി മെംബർഷിപ്പ് നൽകി.