കാസര്‍ഗോഡ്: ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ്. മൂന്നു ദിവസമായി ജില്ലയില്‍ ജുവനൈല്‍ ഡ്രൈവര്‍മാരെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 199 എ പ്രകാരം 69 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അതില്‍ വിദ്യാനഗര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് -ഏഴു വീതം കേസുകള്‍. ചന്തേര-ആറ്, മേൽപറമ്പ-അഞ്ച് എന്നീ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ വാഹന ഉടമയോ കുട്ടിയുടെ രക്ഷിതാവിനെയോ ആണ് കുറ്റക്കാരനായി കണക്കാക്കുന്നത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ, 25,000 രൂപ പിഴ, ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുകയും വാഹനം ഓടച്ച കുട്ടിക്ക് 25 വയസു വരെ ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാനും കഴിയുന്നതല്ല.
ഇതുകൂടാതെ വാഹനം അപകടത്തില്‍പെടുകയോ ജീവഹാനി ഉണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കില്ല. അതുപോലെ 25 കിലോമീറ്റര്‍ വേഗതയില്‍ താഴെ പരമാവധി വേഗതയുള്ള ഇലക്ട്രിക് സ്കൂട്ടറുകള് ജില്ലയില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതില്‍ ഭൂരിപക്ഷം കുട്ടികളാണ്. ഇതില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഹെല്‍മെറ്റ് കൂടെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം ഇലക്ട്രിക് വാഹനം ആള്‍ട്ടറേഷന്‍ നടത്തി കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
വരും ദിവങ്ങളില്‍ ഇത്തരം കുറ്റകൃത്യം പിടികൂടുന്നതിനുള്ള നടപടി ആരംഭിക്കും ആള്‍ട്ടറേഷന്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 2025 ല്‍ വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ 649 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 111 എണ്ണം. കുമ്പള-86, ചന്തേര-72 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ കേസുകളുടെ വിവങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. 2024 ല്‍ 394 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.