പാലക്കാടുമായി അതിർത്തി പങ്കിടുന്ന, മൂന്നുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട വില്വമലയുടെ താഴ്വരയിലെ ഗ്രാമപഞ്ചായത്തിൽ 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. നറുക്കെടുപ്പിലൂടെ ഒരുവർഷം ബിജെപിയും നാലുവർഷമായി കോണ്‍ഗ്രസും ഭരിക്കുന്നു. ബിജെപി ഭരണം പിടിച്ചതു സംസ്ഥാനത്താകെ പഞ്ചായത്തിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷൻമാരുമാണ്.
കക്ഷിനില: ആകെ 17 സീറ്റുകൾ. ബിജെപി-6, കോണ്‍ഗ്രസ്-6, സിപിഎം- 5.
സമഗ്രവികസന കാലം
കെ. പദ്മജ
(പഞ്ചായത്ത് പ്രസിഡന്റ്)
- ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ ഭാഗമായി ഹരിതകർമസേനയുടെ വിപുലീകരണം.
2. മാലിന്യമുക്തം നവകേരളം പദ്ധതി മാതൃകാപരമായി നടപ്പാക്കിയതിനു സംസ്ഥാനതലത്തിൽ ആദരം.
3. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നടപടിയെടുത്ത ആദ്യ പഞ്ചായത്ത്.
4. ജൽജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനു തുടക്കം.
5. ലൈഫ് പദ്ധതിപ്രകാരം ജനറൽ വിഭാഗത്തിൽ പട്ടികയിലുള്ള മുഴുവൻപേരെയും ഉൾപ്പെടുത്തി വീടുകൾ പൂർത്തിയാക്കി. ജില്ലയിൽ ഈ നേട്ടം ആദ്യമായി കൈവരിച്ചു.
6. ആയുർവേദ - ഹോമിയോ ഡിസ്പെൻസറികൾ കുത്താന്പുള്ളി കുടുംബാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങൾവഴി ആരോഗ്യരംഗത്തു സമഗ്രമായ വികസനനേട്ടങ്ങൾ.
വികസനം മുരടിച്ച കാലം
കെ.പി. ഉമാശങ്കർ
(മുൻ പഞ്ചായത്ത് പ്രസിഡന്റ്,
- സിപിഎം പഞ്ചായത്ത് അംഗം)
1. വികസനമുരടിപ്പിന്റെ അഞ്ചുവർഷം. വിവിധ പദ്ധതികൾക്കു സംസ്ഥാനസർക്കാർ അനുവദിച്ച കോടികൾ പാഴാക്കി.
2. ജലസേചനസൗകര്യം ഒരുക്കുന്നതിൽ പരാജയം. കർഷകർ നിരന്തരം ആവശ്യപ്പെട്ട ഭൂതത്താൻകെട്ട്- വെള്ളക്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അവഗണിച്ചു.
3. തീർഥാടന ടൂറിസം പദ്ധതി, മിനി സിവിൽ സ്റ്റേഷൻ വികസനം എന്നിവ നടപ്പായില്ല.
4. ക്ഷേത്രം ബസ് സ്റ്റാൻഡ്, ടൗണ്‍ ബസ് സ്റ്റാൻഡ്, വികെഎൻ സ്മാരകം എന്നിവയോട് അവഗണന.
നിഷ്ക്രിയ ഭരണം
കെ. ബാലകൃഷ്ണൻ
(ബിജെപി പഞ്ചായത്തംഗം)
1. നിഷ്ക്രിയഭരണം. പുതിയ പദ്ധതികൾ ഒന്നും ചൂണ്ടിക്കാട്ടാനില്ല.
2. ബിജെപി ഭരണത്തിൽ തുടങ്ങിയ പദ്ധതികളിൽ പഞ്ചായത്ത് ഓഫീസ് നവീകരണവും ടേക്ക് എ ബ്രേക്ക് പദ്ധതിയും മാത്രമാണ് പൂർത്തിയാക്കിയത്.
3. ലൈഫ് പദ്ധതിയുടെ രണ്ടും മൂന്നും ഗഡുക്കൾ കിട്ടാതെ നിരവധിപേർ പെരുവഴിയിൽ.
4. മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല.
5. വേണ്ടത്ര ജീവനക്കാരില്ലാതെ ഫണ്ടുകൾ പാഴായി.
6. ബഡ്സ് സ്കൂൾ കാട്ടുകുളത്തേക്കു മാറ്റാനുള്ള നടപടിയും പൂർത്തിയായില്ല.
Tags :
Thiruvilvamalai is intense. nattuvisesham local news