കാഞ്ഞാണി -ചാവക്കാട് പൊതുമരാമത്ത് റോഡിൽ ഏനാമാവ് പള്ളിനടയ്ക്ക് സമീപം രൂപപ്പെട്ട ഗതാഗതക്കുരുക്ക്.
ഏനാാമാവ്: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ ഏനാമാവ് കുപ്പിക്കഴുത്തു മൂലം വാഹനയാത്രക്കാരും നാട്ടുകാരും വർഷങ്ങളായി ദുരിതത്തിൽ.
കാഞ്ഞാണി -ചാവക്കാട് പൊതുമരാമത്ത് റോഡിൽ ഏനാമാവ് പള്ളിനടയ്ക്ക് സമീപമാണ് ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവാകുന്നത്. ഒരു സമയം ഒരു വാഹനത്തിനു മാത്രമേ റോഡിന്റെ വീതികുറഞ്ഞ ഈ ഭാഗത്തുകൂടി കടന്നുപോകാനാവൂ. റോഡിനിരുവശത്തും വീടുകളും മതിലുകളുമാണ്.
ബസുകളും, കാറുകളും, ലോറികളും, ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെയുള്ളവ ഇരുവശങ്ങളിലും ഏറെനേരം ക്യു നിൽക്കേണ്ട അവസ്ഥയാണ്.
സ്കൂൾ, ഓഫീസ്, സമയങ്ങളിലെല്ലാം ഇവിടെ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുക പതിവാണ്.
ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് പോലും ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. ഏനാമാവിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടി തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. യുഡിഎഫ് സർക്കാരും, എൽഡിഎഫ് സർക്കാരും ഉടൻ കുപ്പികഴുത്ത് പൊളിച്ച് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അറുതിവരുത്തുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇപ്പോഴും ഒന്നും സംഭവിച്ചില്ല.
മാറി മാറി വന്ന എംഎൽഎ മാർ ഫണ്ട് അനുവദിച്ചതായി പ്രാഖ്യാപിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പും, റവന്യൂ വകുപ്പും റോഡ് അളന്നു തിട്ടപ്പെടുത്തുകയും ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റോഡിന് ഇരുവശവും ഉള്ള സ്വകാര്യവ്യക്തികൾ ഭൂമി വിട്ടു നൽകുന്നതിന് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് നടന്ന ചർച്ചകളിൽ മാന്യമായ നഷ്ടപരിഹാരം സ്വീകരിച്ച് സ്ഥലം നൽകുവാൻ തയാറായിട്ടുണ്ട്. നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങി കിടന്ന് ഇനിയും പൂർത്തിയാകാത്തതു മൂലം ഏനാമാവ് നിവാസികളുടെ വികസന സ്വപ്നങ്ങളെല്ലാം ദുഃസ്വപ്നങ്ങളായി മാറുകയാണ്.