പെരുമ്പാവൂർ: വായ്പ നൽകിയ പണം മുഴുവൻ തിരിച്ചു നൽകാത്തതിന്റെ പേരിൽ തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടു തകർത്തതായി പരാതി. ശല്യം ചെയ്യരുതെന്ന സബ് കോടതിയുടെ ഉത്തരവ് ലംഘിച്ചതായും പറയുന്നു.
വെങ്ങോല-ശാലേം റോഡിൽ കണ്ണിമോളത്ത് വീട്ടിൽ ചെല്ലമ്മയുടെ(76) വീടാണ് കഴിഞ്ഞ ദിവസം പൊളിച്ചത്. സംഭവത്തിൽ ഇടവൂർ സ്വദേശിക്കെതിരെ ചെല്ലമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. വീടിന്റെ ഔട്ട്ഹൗസ് പൊളിച്ചുകൊണ്ടിരുന്നപ്പോൾ പോലീസിനെ വിവരം അറിയിച്ചെങ്കിലും ജീപ്പില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്ന് ടാക്സി വിളിച്ച് പോലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ചെല്ലമ്മ പറയുന്നു.
പിന്നീട് പോലീസ് പോയതിനു ശേഷം സമീപത്തു നിന്നിരുന്ന മാവ് മുറിച്ച് വീടിനു മുകളിലേക്ക് മറിച്ചിട്ടെന്നും അടുക്കളയും കിടപ്പുമുറിയും തകർന്നതായും പരാതിയിൽ പറയുന്നു. കെട്ടിച്ചയച്ച മകൾ വന്ന് രോഗിയായ ചെല്ലമ്മയെയുംകൂട്ടി ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. നാലു കോടിയോളം രൂപ വിലവരുന്ന സ്ഥലം എഴുതി നൽകി ചെല്ലമ്മ പരാതിയിൽ പറയുന്ന വ്യക്തിയിൽ നിന്നും 85 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിൽ 42 ലക്ഷം തിരികെ നൽകിയതായി ചെല്ലമ്മ പറയുന്നു. ബാക്കി തുക നൽകാൻ വൈകിയതിന്റെ പേരിൽ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ വെട്ടിയെടുക്കുകയും ഇടക്കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
മാരകായുധങ്ങളുമായി എത്തി തന്നെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ഇയാൾ ഭീഷണിപ്പെടുത്തുന്ന കാര്യം പോലീസിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഒരാഴ്ചമുമ്പ് വീടിന്റെ ഓടുകൾ അടിച്ചു തകർത്തതിനെ തുടർന്ന് ചെല്ലമ്മ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ലംഘിച്ചാണ് ഗുണ്ടകളുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയത്.
വീട്ടിൽ നിന്നു തന്നെ ഒഴിപ്പിക്കുന്നതിനായി നേരത്തെ കിണറിലെ മോട്ടോർ നശിപ്പിക്കുകയും ഇലക്ട്രിക് വയറുകൾ അഴിച്ചു കൊണ്ടു പോവുകയും ചെയ്തിരുന്നു. അടുത്ത വീട്ടുകാരാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. കോടതിയിൽ കേസ് നൽകിയതിന്റെ പകയാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
Tags : Local News Ernakulam Nattuvishesham