ചിങ്ങവനം: കുടുംബാംഗങ്ങള്‍ പള്ളിയില്‍ പോയ സമയം വീട്ടില്‍ അതിക്രമിച്ചു കടന്ന മോഷ്ടാവ് വയോധികയെ ആക്രമിച്ച് കൈയിൽക്കിടന്ന വള മോഷ്ടിച്ച സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറിച്ചി ഹോമിയോ കോളജിന് സമീപം തെക്കേപ്പറമ്പില്‍ അന്നമ്മ സൈമണി (80)ന്റെ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണവളയാണ് കവര്‍ന്നത്.
ഞായറാഴ്ച രാവിലെ എട്ടിന് പള്ളിയില്‍ പോയ കുടുംബാംഗങ്ങള്‍ 11ന് തിരികെ വന്നപ്പോൾ പരിക്കേറ്റു കിടക്കുന്ന അന്നമ്മയെയാണ് കണ്ടത്. കയ്യിലെ മുറിവില്‍നിന്നു രക്തം വാര്‍ന്നൊഴുകുന്ന നിലയിലുമായിരുന്നു. അടിച്ചു ബോധരഹിതയാക്കിയശേഷം കവര്‍ച്ച നടത്തിയതാണെന്നാണ് പോലീസിന്റെ സംശയം.
സംഭവത്തെത്തുടര്‍ന്ന് വീട്ടുകാര്‍ ചിങ്ങവനം പോലീസില്‍ വിവരമറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. വിരലടയാള വിദഗ്ധരടക്കം നടത്തിയ പരിശോധനയില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ചിങ്ങവനം പോലീസ് വ്യക്തമാക്കുന്നത്. പരിക്കുകളെത്തുടര്‍ന്ന് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നമ്മയുടെ ഓര്‍മക്കുറവുമൂലം പോലീസിന് മോഷ്ടാവിലേക്കെത്താന്‍ സാധിച്ചിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തി മോഷ്ടാവിലേക്കെത്താന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്.
Tags : Local News Kottayam Nattuvishesham