പേരൂര്‍ക്കട: ഊബര്‍ ഡ്രൈവര്ക്കുനേരേയുണ്ടായ ആക്രമണത്തില്‍ പങ്കുള്ള എട്ടാംപ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. പാറോട്ടുകോണം തിലക് നഗര്‍ സ്വദേശി ജിനു (26) ആണ് പിടിയിലായത്. വണ്ടിത്തടം തിരുവല്ലം ഭാഗത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ക്കഴിയവെയാണ് ഇയാള്‍ പിടിയിലായത്.
ഒക്ടോബര്‍ മാസത്തിലാണ് കരകുളം നന്മ നഗര്‍ സ്വദേശിയായ ഊബര്‍ ഡ്രൈവര്‍ അരുണിനെ (42) ഓട്ടംപോകാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി കുപ്രസിദ്ധ ഗുണ്ട കാപ്പിരി ജിതിന് ഉള്‍പ്പെട്ട 10 അംഗ സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ജിനു പാറോട്ടുകോണത്തുനിന്നു കൂട്ടാളികള്‍ക്കൊപ്പം അരുണിന്റെ മാരുതി ഓള്‍ട്ടോ കാറില്‍ കയറുകയും നാലാഞ്ചിറയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇവിടെ എഴുകന്യാവൂര് റോഡില്‍വച്ചാണ് അരുണിന്റെ തലയ്ക്ക് ഇടിച്ചുപരിക്കേല്‍പ്പിച്ച പ്രതികള്‍ ക്രൂരമര്‍ദനം നടത്തിയത്. ഡ്രൈവറുടെ മൊബൈല്‍ കവരുകയും വാച്ച് തല്ലിപ്പൊട്ടിക്കുകയും ചെയ്ത സംഘം പിന്നീട് രക്ഷപ്പെടുകയായിരുന്നു. അരുണിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതില്‍ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളാണ് ജിനു. ഇയാള്‍ക്കെതിരേ 2024ല്‍ മണ്ണന്തല സ്റ്റേഷനില്‍ ഒരു അടിപിടിക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മണ്ണന്തല സി.ഐ കണ്ണന്, എസ്.ഐ ആര്.എസ് വിപിന്‍ എന്നിവര്‍ക്കു ലഭിച്ച രഹസ്യവിവരമാണ് ജിനുവിനെ പിടികൂടാന്‍ സഹായകമായത്. ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.