കുടിവെള്ള ടാങ്ക് തകര്‍ന്ന സ്ഥലം മന്ത്രിമാരായ റോഷി അഗസ്റ്റിന്, പി. രാജീവ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോൾ.
കൊച്ചി: കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുക എന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിദൂര പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു വേണ്ട വാഹനങ്ങള്‍ ആര്‍ടിഒയുടെ സഹായത്തോടെ ലഭ്യമാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേരും. ടാങ്കര്‍ ലോറികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനായി അവിടങ്ങളില്‍ 5,000 ലിറ്ററോ 10,000 ലിറ്ററോ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിക്കും.
കൊച്ചി കോര്പറേഷന്, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവരാണ് ടാങ്കര്‍ സ്ഥാപിക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തുന്നത്. ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജിനാണ് ഏകോപന ചുമതല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് ജല അഥോറിറ്റിക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടണ്ട്. പച്ചാളത്ത് നിര്‍മാണം പൂര്‍ത്തിയായ കുടിവെള്ള സംഭരണി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പച്ചാളം, വടുതല ഭാഗങ്ങളിലെ കുടിവെള്ള വിതരണം സുഖമമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Local News Ernakulam Nattuvishesham