തമ്മനത്ത് ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന നിലയിൽ.
കൊച്ചി: എറണാകുളം തമ്മനത്ത് ജല അഥോറിറ്റിയുടെ കുടിവെള്ള സംഭരണിയുടെ ഒരു ഭാഗം തകർന്നു. വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയെത്തി, വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. കാലപ്പഴക്കത്താലാണ് ടാങ്ക് തകർന്നതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി നഗരസഭ തമ്മനം ഡിവിഷനിലെ കുത്താപ്പാടിയിലുള്ള കുടിവെള്ള സംഭരണിയുടെ ഒരു അറയുടെ ഭാഗമാണ് മണ്ണിലേക്ക് ഇരുന്നു പോയത്. ഇൗ അറയിൽ നിന്നുള്ള വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയെത്തി സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നാശനഷ്ടമുണ്ടായി.
പത്ത് ഇരുചക്രവാഹനങ്ങൾക്കും നാല് ഓട്ടോറിക്ഷകൾക്കും രണ്ട് കാറിനും കേടുപാട് സംഭവിച്ചു. ആറ് വീടുകളിൽ വെള്ളവും ചെളിയും കയറി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കംപ്യൂട്ടർ എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും നശിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിന് 45 ലക്ഷം രൂപയുടെ നഷ്ടം
നഗരസഭയുടെ കുത്താപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് 45 ലക്ഷം രൂപയുടെ നാശമുണ്ടായതായി അധികൃതർ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ താഴത്തെ നിലയിലുണ്ടായിരുന്ന മരുന്നുകളും രേഖകളും വെള്ളം കയറി നശിച്ചു.
രണ്ടാമത്തെ അറയിലും ചെറിയ ചോര്‍ച്ച
രണ്ട് അറകളായി നിര്‍മിച്ചിട്ടുള്ള ടാങ്കിന്റെ ഒരു അറയുടെ പാളിയാണ് തകർന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 68 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് അറകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. ചോർച്ച അടയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ആലുവ, മരട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ടാങ്കിലേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതില്‍ മരടില്‍ നിന്നുള്ള വെള്ളം, നിലവില്‍ തകര്‍ന്ന അറയിലേക്കായിരുന്നു എത്തിയിരുന്നത്. ഇത് രണ്ടാമത്തെ അറയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. ഇതിന് പുറമേ രണ്ടാമത്തെ അറയിലും ചെറിയ തോതിലുള്ള ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൂടി പരിഹരിച്ച ശേഷമായിരിക്കും കുടിവെള്ള വിതരണം പൂർണ മായും പുനരാരംഭിക്കുക.
പമ്പിംഗ് സിസ്റ്റം വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷം കുടിവെള്ള വിതരണത്തിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തും. പുലർച്ചെ മൂന്നു മുതല്‍ അഞ്ചു വരെയും ഒമ്പതു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയുമാകും പമ്പിംഗ് നടത്തുക. നേരത്തെ 1.35 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിടത്ത് ഇപ്പോള്‍ 68 ലക്ഷം ലിറ്റര്‍ മാത്രമേ സംഭരിക്കാനാകൂ. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ അറയിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് നാല് മീറ്ററില്‍ നിന്ന് 4.2 മീറ്ററാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി 85 ലക്ഷം ലിറ്റര്‍ വെള്ളം വരെ ഈ അറയിൽ സംഭരിക്കാനാകും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന് എംപി, ഉമ തോമസ് എംഎല്‍എ, ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിയില്‍ ഇന്ന് ജലവിതരണം തടസപ്പെടും
കൊച്ചി: തമ്മനത്ത് ജല അഥോറിറ്റിയുടെ കുടിവെള്ള സംഭരണി തകര്‍ന്ന സാഹചര്യത്തില്‍ ഇന്ന് കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവയ്ക്കുന്നത്.
എവിടെയെങ്കിലും ജല ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചി നഗരസഭക്കും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ. നാളെയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
അതേസമയം തകര്‍ന്ന ജലസംഭരണിയുടെ അറ്റകുറ്റപ്പണികള്‍ പിന്നീട് നടത്തിയാല്‍ മതി എന്നാണ് അധികൃതരുടെ തീരുമാനം. കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇ ന്നലെ വൈകിട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
Tags : Local News Ernakulam Nattuvishesham