വൈക്കം: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 ദിവസത്തേക്ക് ഷട്ട് ഡൗൺ അറിയിപ്പ് കെഎസ്ഇബിയിൽനിന്നു ലഭിച്ചതിനാൽ കുടിവെള്ളവിതരണത്തിൽ തടസം നേരിടുമെന്ന് ജല അഥോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
വൈക്കം, കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടിവി പുരം, തലയാഴം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും കുടിവെള്ള വിതരണം സാധ്യമാക്കുന്ന മേവെള്ളൂർ 45 എംഎൽഡി ജലശുദ്ധീകരണശാല ആശ്രയിക്കുന്ന ജലസ്രോതസായ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴാൻ സാധ്യതയുള്ളതാണ് ജലവിതരണത്തിന് തടസമാകുന്നത്.
ഇന്നു മുതൽ ഡിസംബർ 10 വരെയാണ് കുടിവെള്ള വിതരണം തടസപ്പെടുന്നത്. ഇടുക്കി ഡാമിൽനിന്ന് തുറന്നുവിടുന്ന ജലമാണ് തൊടുപുഴയാറു വഴി മൂവാറ്റുപുഴയാറിൽ എത്തപ്പെടുന്നത്. ഷട്ട്ഡൗൺ സമയത്ത് മൂന്ന് എംസിഎം (മില്യൻ ക്യുബിക് മീറ്റർ) ജലത്തിനു പകരം ഒരു എംസിഎം ജലം മാത്രമാണ് ലഭ്യമാക്കാൻ സാധിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും കുടിവെള്ളവിതരണത്തിൽ തടസം ഉണ്ടാകാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഥോറിറ്റി അധികൃതർ അറിയിച്ചു.
Tags : Local News Kottayam Nattuvishesham