അന്പലപ്പുഴ: നഗരത്തിലെ വിവിധ സ്കൂളുകളിൽ കുടിവെള്ള പദ്ധതിക്കു തുടക്കം. റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് വഴി ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ലജ്നത്ത് ഹയർ സെക്കൻഡറി സ്കൂൾ, ലജ്നത്ത് എൽപി സ്കൂൾ എന്നിവിടങ്ങളിൽ തുടക്കമായി.
ഹയർ സെക്കൻഡറി സ്കൂളിൽ 98,316 രൂപ വീതം ചെലവഴിച്ച് രണ്ടു യൂണിറ്റും എൽപി സ്കൂളിൽ 98,316 രൂപ ചെലവിൽ ഒരു യൂണിറ്റുമുൾപ്പെടെ 2.95 ലക്ഷം രൂപ ചെലവിൽ മൂന്നു യൂണിറ്റാണ് ആരംഭിച്ചത്. എച്ച്. സലാം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് ഇതിനായി പണം വകയിരുത്തിയത്.
പഴവീട് ഹയർ സെക്കൻഡറി, സെന്റ് ആന്റണീസ് എച്ച്എസ്, ഗേൾസ് എച്ച്എസ്, സെന്റ് മേരീസ് വട്ടയാൽ, ബീച്ച് എൽപിഎസ് നീർക്കുന്നം, ബീച്ച് എൽപിഎസ് പുന്നപ്ര എന്നീ സ്കൂളുകളിലും വണ്ടാനം മെഡിക്കൽ കോളജ്, ആലപ്പുഴ ജനറൽ ആശുപത്രി, കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്. ഇതിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൂർത്തിയാക്കിയ ആർഒ പ്ലാന്റ് കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചിരന്നു.
ലജ്നത്ത് ഹയർ സെക്കൻഡറി സ്കൂളുകളിൽ എച്ച്. സലാം എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.എം. നസീർ, ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, പിടിഎ പ്രസിഡന്റ് പി.ആർ. ശിഹാബുദ്ദീൻ, വൈസ് പ്രസിഡന്റ് ബിജു, സ്കൂൾ പ്രിൻസിപ്പൽ ടി.എ. അഷറഫ് കുഞ്ഞ് ആശാൻ, പ്രധാനാധ്യാപിക ഇ. സീന എന്നിവർ പ്രസംഗിച്ചു.