ജ്യോതിഷിനു ലഭിച്ച മെഡലുകൾ.
കൊട്ടിയം: യുവശാസ്ത്രജ്ഞന്റെ മരണം ജന്മഗ്രാമത്തെ ആകെ ദുഃഖത്തിലാഴ്ത്തി.ജർമനിയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കേ സ്പെയിനിൽ കടലിൽ കുളിക്കാൻ ഇറങ്ങി തിരയിൽപെട്ടു മരിച്ച തട്ടാമല ഒരുമ നഗർ വലിയരികത്ത് സുധാകരന്റെയും ബിന്ദുവിന്റെയും മകൻ ജ്യോതിഷ് ( 28 ) ന്റെ മരണമാണ് ഒരു ഗ്രാമത്തെ ആകെ ദുഃഖത്തിൽ ആഴ്ത്തിയത്. ജ്യോതിഷിന്റെ മരണത്തോടെ മിടുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് രാജ്യത്തിനു നഷ്ടമായത്.
രാജ്യങ്ങളുടെ കണ്ടുപിടുത്തങ്ങൾ സംബന്ധിച്ചു ബോസ്റ്റനിൽ നടന്ന ലോക രാജ്യങ്ങളിലെശാസ്ത്രജ്ഞർ പങ്കെടുത്ത ടിബി ഓർ നോട്ട് ടിബി എന്ന വിഷയം അവതരിപ്പിച്ച് 43 രാജ്യങ്ങൾ പങ്കെടുത്തതിൽ വെള്ളിമെഡൽ ജ്യോതിഷിനു ലഭിച്ചിരുന്നു. റ്റിബി എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള മാർഗമാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ഇതിനു നിരവധി ആദരവുകളും മെഡലുകളും ഉപഹാരങ്ങളും ജ്യോതിഷിനു ലഭിച്ചിരുന്നു.
പത്തു ദിവസത്തെ വിനോദയാത്രയ്ക്കായി സ്പെയിനിലേക്കു പോകുന്നതായി കഴിഞ്ഞ ഒരാഴ്ച മുമ്പു വീട്ടിലേക്ക് ഫോൺ വിളിച്ചു മാതാപിതാക്കളോട് പറഞ്ഞിരുന്നു. അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ ബന്ധുക്കൾ ജർമനിയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിയുന്നത്.
പ്ലസ് ടൂവിനുശേഷം പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മൂന്നുവർഷം മുമ്പ് ബിഎസ്എംഎസിനു ചേർന്നത്. അവിടെ നിന്നാണ് ഡോക്ടറേറ്റ് എടുക്കുന്നതിനായി ജർമനിയിലേക്കു പോയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിലെത്തിയത്. മാർച്ചിലാണു മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജ്യോതിഷിന്റെ മരണ വിവരമറിഞ്ഞ് നിരവധി പേരാണ് തട്ടാമല ഒരുമ നഗറിലെ വീട്ടിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
Tags : Local News Kollam Nattuvishesham