കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ തടഞ്ഞു സ്ത്രീസൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നു. കൊറ്റങ്കര, തൊടിയൂർ പഞ്ചായത്തുകളിലാണ് പുതിയതായി ക്രൈംമാപ്പിംഗ് നടത്തുന്നത്. സർവെ ആരംഭിക്കുന്നതിനു മുന്നോടിയായി പഞ്ചായത്ത്തല യോഗം പൂർത്തിയാക്കും. തുടർന്നു കുടുംബശ്രീ റിസോഴ്സ് ടീം സ്ത്രീകളുമായി സംവദിച്ചാണ് വിവരശേഖരണം നടത്തുന്നത്. 420ഓളം പേരെ ഉൾപ്പെടുത്തിയാണ് ക്രൈം മാപ്പിംഗ് നടത്തുന്നത്.
18 വയസിനു മുകളിലുള്ള വനിതകളെ വിവിധ പ്രായപരിധി വിഭാഗങ്ങളിലാക്കി തിരിച്ചാണ് സർവെയിൽ ഉൾപ്പെടുത്തുന്നത്. പദ്ധതിയുടെ നാലാംഘട്ടം പനയം, ശാസ്താംകോട്ട, പന്മന, വിളക്കുടി, നെടുമ്പന, ചിറക്കര എന്നീ പഞ്ചായത്തുകളിൽ കഴിഞ്ഞ മാർച്ചിൽതന്നെ പൂർത്തിയാക്കിയിരുന്നു. അതിക്രമങ്ങളെക്കുറിച്ചുള്ള പഠനം, അവബോധം നൽകൽ, പ്രശ്നങ്ങൾ മനസിലാക്കുക, പ്രദേശത്തെ പ്രശ്നബാധിത ഇടങ്ങൾ കണ്ടെത്തുക, പ്രതിരോധ പദ്ധതി ആവിഷ്കരിക്കുക, പിന്തുണ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളുമായാണ് ക്രൈം മാപ്പിംഗ് സർവെ നടത്തുന്നത്.
ശാരീരികം, വാചികം,മാനസികം, സാമ്പത്തികം, ലൈംഗികം (വീടിനുള്ളിലും പുറത്തും), സാമൂഹികം എന്നിങ്ങനെ തരംതിരിച്ചാണ് അതിക്രമങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അതിക്രമങ്ങൾ കൂടുതലുള്ള ഇടങ്ങളായി കണ്ടെത്തുന്ന സ്ഥലങ്ങൾ യഥാക്രമം ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിൽ മാപ്പിൽ രേഖപ്പെടുത്തും. ക്രൈം മാപ്പിംഗ് പൂർത്തിയാകുന്നതോടെ ജില്ലതല കോൺക്ലേവ് സംഘടിപ്പിക്കും. പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് തയാറാക്കും.
Tags : Local News Kollam Nattuvishesham