കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിന്റെ രണ്ടാം ചേംബർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനംചെയ്യുന്നു.
കൊരട്ടി: ദേശീയപാത പെരുമ്പിയിൽ പ്രവർത്തിക്കുന്ന കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ രണ്ടാം ചേംബറും പ്രവർത്തനസജ്ജമായി.
ഒരുദിവസം ശരാശരി മൂന്നു മൃതദേഹങ്ങൾ സംസ്കരിക്കുന്ന ക്രിമറ്റോറിയത്തിൽ പലപ്പോഴും മറ്റിടങ്ങളിൽ നിന്നുകൊണ്ടുവരുന്ന മൃതദേഹങ്ങൾക്ക് നിലവിലെ ക്രമീകരണങ്ങൾ പോരാതെ വരുന്നതോടെയാണ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും തുക വകയിരുത്തി നിർമാണം പൂർത്തിയാക്കിയത്. തൃശൂർ, എറണാകുളം ജില്ലയിലെ സാധാരണക്കാർക്ക് ഇത് ആശ്വാസമാകും. ചേംബർ പ്രവർത്തനസജ്ജമാകുന്നതോടെ ഒരു ദിവസം ആറു മൃതദേഹങ്ങൾ സംസ്കരിക്കാനാകും.
ഒന്നാം ചേംബറിന്റെ കാലത്തുതന്നെ ഇവിടെ നക്ഷത്രവനം ഒരുക്കിയിരുന്നു. രണ്ടാം ചേംബറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ, ലിജോ ജോസ്, പി. എസ്. സുമേഷ്, ഷിമ സുധിൻ, റെയ്മോൾ ജോസ് എന്നിവർ പ്രസംഗിച്ചു.