എരുമേലി: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടൻ പത്ത് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. അതേസമയം ഇടതുമുന്നണിയിലും ബിജെപിയിലും സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളുടെ സാധ്യതാലിസ്റ്റ് വിവിധ മുന്നണി നേതൃത്വങ്ങൾക്ക് പ്രാദേശിക നേതൃത്വങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും മുന്നണികളിൽ സീറ്റുധാരണ പൂർത്തിയാകാത്തതിനാൽ പ്രഖ്യാപിക്കാനായിട്ടില്ല.
ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമായതിനാൽ ആകെയുള്ള ഒരു പട്ടികവർഗ സംവരണ വാർഡായ ഉമ്മിക്കുപ്പ കൂടാതെ ജനറൽ വാർഡിൽനിന്നും പട്ടികവർഗ സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണി നേതൃത്വങ്ങൾ.
യുഡിഎഫിന്റെ ബാക്കി 14 വാർഡുകളിൽ ഘടകകക്ഷികളുമായി സീറ്റുധാരണയ്ക്കു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച തുടരുകയാണ്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച നേർച്ചപ്പാറ, വാഴക്കാല വാർഡുകളും ബ്ലോക്ക് പഞ്ചായത്ത് എരുമേലി ഡിവിഷനും കൂടാതെ കൂടുതൽ സീറ്റ് ലീഗ് ഇത്തവണ ആവശ്യപ്പെട്ടിട്ടുണ്ട്. തുമരംപാറ വാർഡാണ് കഴിഞ്ഞ തവണ ആർഎസ്പിക്ക് ലഭിച്ചത്. എന്നാൽ, ഇത്തവണ ആർഎസ്പിയുമായി ധാരണയായിട്ടില്ല.
ഇടതുമുന്നണിയിൽ ആദ്യഘട്ട ചർച്ച കഴിഞ്ഞു. ഇന്നലെ വൈകുന്നേരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. സിപിഎമ്മിന്റെ നിലവിലുള്ള സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും മുന്നണിയിലെ ചർച്ചകൾ കഴിഞ്ഞശേഷം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് ജനറൽ വാർഡിൽനിന്നും വനിതാ വാർഡിൽനിന്നും സിപിഎം പ്രതിനിധികൾ മത്സരിക്കുമെന്നാണ് സൂചന.
ഘടകകക്ഷികളായ സിപിഐയും കേരള കോൺഗ്രസ്-എമ്മും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽതന്നെ തുടരുന്നതിൽ പ്രാഥമിക ധാരണയായെങ്കിലും ഇരു കക്ഷികളും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടപ്പള്ളി വാർഡിൽ കഴിഞ്ഞ തവണ സിപിഐക്കെതിരേ സിപിഎം മത്സരിച്ച് ജയിച്ചിരുന്നു.
ബിജെപി മുട്ടപ്പള്ളി വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മറ്റ് വാർഡുകളിൽ അടുത്ത ദിവസത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാകുമെന്ന് നേതാക്കൾ പറഞ്ഞു.
Tags : Congress' first list in Erumely nattuvisesham local news