റാന്നി പുതമൺ പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പ്രമോദ് നാരായൺ എംഎൽഎയും സംഘവും പരിശോധിക്കുന്നു.
റാന്നി: പുതുമൺ പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു. കോൺക്രീറ്റിന്റെ ക്യൂയറിംഗ് പിരീയഡ് കഴിഞ്ഞാൽ ഉടൻ പാലം തുറന്നു കൊടുക്കാനാവും. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഇടയ്ക്ക് പെയ്ത ശക്തമായ മഴ നിർമണം തടസപ്പെടുത്തി. മകരവിളക്കിന് മുമ്പ് റോഡ് വാഹനഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്.
റാന്നി - കോഴഞ്ചേരി റോഡിൽ പുതമൺ പെരുന്തോടിന് കുറുകെയുള്ള പഴയ പാലം അപകടാവസ്ഥയിലായതിനേ തുടർന്നാണ് ഇവിടെ പുതിയ പാലം നിർമിക്കാൻ നടപടി ആരംഭിച്ചത് 2.60 കോടി രൂപയാണ് അടങ്കൽ തുക. നിർമാണം മൂന്നുതവണ ടെൻഡർ ചെയ്തെങ്കിൽ തുക അധികരിച്ചിരുന്നതിനാൽ തുടർ നടപടി സ്വീകരിക്കാനായില്ല. നാലാമത്തെ തവണ 20 ശതമാനം അധിക തുക വച്ച കരാറുകാരനുമായി നിർമാണം ഉറപ്പിക്കുകയായിരുന്നു.
പഴയ പാലം അപകടാവസ്ഥയിലായതോടെ പെരുന്തോടിന് കുറുകെ 30 ലക്ഷം രൂപ മുടക്കി താത്കാലിക പാത നിർമിച്ചിരുന്നു. ഇതുവഴിയാണ് ഇപ്പോൾ വാഹനഗതാഗതം സാധ്യമാക്കിയിരിക്കുന്നത്.
എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 16 മീറ്ററാണ് നീളം. ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാതയുള്ള പാലത്തിന് 7.5 മീറ്റർ വീതിയിലാണ് വാഹന ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്.
പാലത്തിലൂടെ പൈപ്പ് വലിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പാലത്തിന് ഇരുകരയിലുമായി 150 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡ് നിർമിക്കുന്നുണ്ട്. പ്രളയകാലത്ത് മുങ്ങാതെയിരിക്കാൻ കഴിയുംവിധം പാലം ഉയർത്തിയാണ് നിർമിക്കുന്നത്.
കോൺക്രീറ്റിംഗ് പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. സന്തോഷ്, റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. പ്രകാശ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Tags : Local News Pathanamthitta Nattuvishesham