പറവൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ നഗരസഭ നിയമിച്ച താത്കാലിക ജീവനക്കാർ ഗൂഗിൾ പേ ഉപയോഗിച്ചും തട്ടിപ്പു നടത്തിയതായി പരാതി. ഒപിയിലെ ചില താത്കാലിക ജീവനക്കാർ ചേർന്ന് എട്ട് മാസത്തിനിടെ ഏഴ് ലക്ഷം രൂപയിലേറെ തട്ടിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. അത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പുകൾ സംബന്ധിച്ച വിവരം ഉയരുന്നത്.
നന്ത്യാട്ടുകുന്നം സ്വദേശിനിയായ യുവതിയിൽനിന്ന് രക്തപരിശോധനയുടെ തുക ഗൂഗിൾ പേ വഴി വാങ്ങിയെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. കെടാമംഗലം സ്വദേശിനിയായ ഒരു താത്കാലിക ജീവനക്കാരിയാണ് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം മേടിച്ചത്. ഈ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
രോഗികളിൽ നിന്നു പണം സ്വീകരിച്ചു രസീത് നൽകിയ ശേഷം കംപ്യൂട്ടറിൽ നിന്നു രസീതുകൾ ഡിലീറ്റ് ചെയ്തുള്ള തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. ആരോപണ വിധേയയായ ഈ താത്കാലിക ജീവനക്കാരിയെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുകയാണ് നഗരസഭാ ഭരണനേതൃത്വം ചെയ്തതെന്നും. സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും എച്ച്എംസി കൂടി ക്രമക്കേട് നടത്തിയവരെ ജോലിയിൽ നിന്നു മാറ്റി നിർത്താനുള്ള നടപടി പോലും സ്വീകരിച്ചില്ലെന്നും നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആരോപിച്ചു.
Tags : Google Pay Local News Ernakulam Nattuvishesham