പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നു.
പാരിപ്പള്ളി : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജലം ആശുപത്രിക്കു പിന്നിലെ റോഡിലേയ്ക്ക് ഒഴുക്കിവിടുന്നതായി പരാതി. ഗ്യാസ് പ്ലാന്റ് പാതയിലേക്കാണ് ഒഴുക്കി വിടുന്നത്. മുപ്പതോളം കുടുംബങ്ങൾ ഈ പാതയ്ക്കു സമീപം താമസിക്കുന്നുണ്ട്. ആശുപത്രിയിലെ ശുചിമുറി മാലിന്യം, ലേബർ റൂമിലെ മാലിന്യം, കാന്റീൻ മാലിന്യം, ഹോസ്റ്റൽ മാലിന്യം ഉൾപ്പെടെ പാതയിലേക്ക് ഒഴുക്കിവിടുകയാണ്. മഴ പെയ്തതോടെ പാതയിലേക്ക് ഒഴുകിവരുന്ന മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
സാനിട്ടറി നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പാതയിലേക്കു തള്ളുന്നത്. മാലിന്യം തള്ളുന്നതുമൂലം തെരുവുനായ്ക്കളുടെ ശല്യം ഈ പ്രദേശത്ത് രൂക്ഷമാണ്. മാലിന്യം പുറത്തേയ്ക്ക് ഒഴുക്കി വിടുന്നതിനാൽ സമീപത്തെ കിണറുകളിലേക്കും മാലിന്യം എത്തുന്നു. പരിസരവാസികൾ നിത്യോപയോഗത്തിനു കുടിവെളളം പണം കൊടുത്ത് വാങ്ങിക്കുകയാണിപ്പോൾ. മലിനജലം പാതയിൽ കെട്ടിക്കിടന്ന് ഈച്ചയുടെയും കൊതുകിന്റെയും ശല്യം രൂക്ഷമാണ്. നിരവധി തവണ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മെഡിക്കൽ കോളജ് ആശു പത്രിയോട് ചേർന്നു 15 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ പരിസരവാസികൾക്കു സ്ഥലം വിൽക്കാനോ പണയം വച്ച് വായ്പ എടുക്കാനോ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മെഡിക്കൽ കോളജ് ഹോസ്റ്റൽ വിദ്യാർഥികളുടെ പ്രവർത്തികളും പരിസരവാസികൾക്ക് ശല്യം സൃഷ്ടിക്കുന്നു. ഈ വിവരങ്ങൾ കോളജ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Tags : Local News Kollam Nattuvishesham