പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ തുടങ്ങി. പ്രാദേശിക തലത്തിൽ മുന്നണികളിൽ ചർച്ചകൾക്കുശേഷമാണ് സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നിരിക്കുന്നത്.
മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനംകഴിഞ്ഞാൽ പോലും സ്ഥാനാർഥികൾ സജീവമാകാറുണ്ടായിരുന്നില്ല. ഇത്തവണ നേരത്തേ സ്ഥാനാർഥികളായത് അണികൾക്കും ആവേശമായിട്ടുണ്ട്.
സ്ഥാനാർഥി നിർണയ നടപടികളിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും പ്രാഥമിക പട്ടിക പലയിടങ്ങളിലായി ഇറക്കിയിട്ടുണ്ട്.
സ്ഥാനാർഥി നിർണയം അതത് പ്രാദേശിക ഘടകങ്ങളെ ഏല്പിച്ചിരിക്കുകയാണ്. റാന്നി മേഖലയിലെ പല ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫും റാന്നിയിലെ ചില പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചു. തർക്കങ്ങൾ ഉള്ളിടങ്ങളിൽ ചർച്ചകൾ തുടരുകയാണ്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥി നിർണയത്തിൽ മാത്രം ജില്ലാ ഘടകത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് നിർദേശം. ബ്ലോക്ക് തലത്തിലും പരമാവധി പ്രാദേശികഘടകങ്ങളിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ചകൾ അടക്കം മുന്നണികളുടെ ജില്ലാ ഘടകത്തിലാണ് നടക്കേണ്ടത്.
ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന നേതാക്കൾ പലരും താഴെത്തട്ടിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളോടു പൊതുവേ നേതാക്കൾക്കും താത്പര്യക്കുറവുണ്ട്.
സമവായ നീക്കങ്ങളും സജീവം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്കൊപ്പം സമവായനീക്കങ്ങളും സജീവം. സ്ഥാനാർഥി ചർച്ചകൾക്കിടെ ഇടഞ്ഞവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും മുന്നണി നേതൃത്വങ്ങൾ നടത്തിവരികയാണ്. ഒരേ സീറ്റിൽ ഒന്നിലധികം പേർ അവകാശവാദം ഉന്നയിച്ചാണ് മുന്നണികൾക്ക് തലവേദനയാകുന്നത്. ഇവരെ അനുനയിപ്പിച്ച് ഒരുപേരിലേക്ക് എത്തിക്കാനുള്ള സമവായ ചർച്ചകളാണ് മുന്നണി നേതൃത്വം നടത്തുന്നത്. കോൺഗ്രസിലാണ് ഇത്തരത്തിൽ തർക്ക വാർഡുകൾ ഏറെയുള്ളത്.
നേതാക്കൾ ഇടപെട്ട് പലയിടങ്ങളിലും സമവായ ചർച്ചകൾ നടത്തി. തർക്കം തുടരുന്നത് ചില തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർഥി പട്ടിക വൈകാനും കാരണമാകുന്നുണ്ട്. തർക്കം പരിഹരിക്കാതെ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് പോയാൽ റിബലുകളായി ഇവർ രംഗപ്രവേശം ചെയ്യുമെന്നതാണ് പട്ടിക വൈകാനിടയാക്കുന്നത്. ജില്ലാ നേതക്കൾ ഇടപെട്ടും ചിലയിടങ്ങളിൽ തർക്കപരിഹാര ഫോർമുലകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നേതാക്കൾ വിളിച്ചിട്ടും വഴങ്ങാത്ത ചിലരുമുണ്ട്. ഇവർ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ സീറ്റ് കിട്ടാത്തവരെ ബ്ലോക്കിലേക്കടക്കം പരിഗണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും അതൃപ്തിയിലാണ്.
പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ
സ്ഥാനാർഥിത്വം ഉറപ്പിച്ചവർ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം തുടങ്ങിയത്. ഔദ്യോഗികമായ അനുമതി ലഭിച്ചതിനു പിന്നാലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഫേസ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പിലുമെല്ലാം പ്രചാരണവുമായി നിറഞ്ഞു കഴിഞ്ഞു. ഇത്തവണ സമൂഹമാധ്യമ പ്രചാരണത്തിനായിരിക്കും മുൻഗണനയും. സ്ഥാനാർഥിത്വം ഉറപ്പിച്ച പലരും ഭവനസന്ദർശനം അടക്കം പ്രചാരണം തുടങ്ങിയിട്ടുമുണ്ട്.
യുഡിഎഫിലും ചർച്ചകൾ
ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നിരിക്കെ, ഏറ്റവും വേഗത്തിൽ സമവായ ചർച്ച പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് യുഡിഎഫ് ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പന്തളം നഗരസഭയിലടക്കം ചില തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനവു നടത്തി. ഘടകകക്ഷികൾ മുന്പ് മത്സരിച്ചിരുന്ന വാർഡുകൾ അവർക്കു തന്നെ നൽകണമെന്ന നിർദേശമാണ് യുഡിഎഫ് ജില്ലാഘടകം നൽകിയിരിക്കുന്നത്. വിജയസാധ്യത അടിസ്ഥാനമാക്കി വച്ചുമാറലുകൾക്കും അനുമതി നൽകിയിട്ടുണ്ട്.
എൽഡിഎഫിലും ഭൂരിഭാഗം സ്ഥലങ്ങളിലും ധാരണയായി. ചില വാർഡുകളിൽ കേരള കോൺഗ്രസ് എമ്മുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുവേഗത്തിൽ പരിഹരിക്കാനുള്ള നീക്കങ്ങളും എൽഡിഎഫിൽ പുരോഗമിക്കുകയാണ്. എൻഡിഎയിലും സ്ഥാനാർഥി ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
പന്തളം നഗരസഭയിൽ യുഡിഎഫിന്റെ ആദ്യ പട്ടിക
പന്തളം: പന്തളം നഗരസഭയിൽ ആദ്യഘട്ട സ്ഥാനാർഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. 14 സീറ്റുകളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയിൽ നിലവിലെ നാലു കൗൺസിലർമാരും ഉൾപ്പെട്ടിട്ടുണ്ട്. കെ.ആർ. വിജയകുമാർ നഗരസഭയിലെ ഒന്നാം ഡിവിഷനിൽ നിന്നും സുനിത വേണു നഗരസഭയിലെ രണ്ടാം ഡിവിഷനിൽ നിന്നും മത്സരിക്കും.
25 ഡിവിഷനിൽ പന്തളം മഹേഷും മുപ്പതാം ഡിവിഷനിൽ രന്തമണി സുരേന്ദ്രനും വീണ്ടും ജനവിധി തേടുന്ന കൗൺസിലർമാരാണ്. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫിന്റെ മേൽനോട്ടത്തിലാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്. ഇവർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. യുഡിഎഫിൽ കേരള കോൺഗ്രസ് എമ്മിനും ആർഎസ്പിക്കും പന്തളത്ത് അവകാശവാദമുണ്ട്. എൽഡിഎഫിൽ സ്ഥാനാർഥികൾ ധാരണയാണെങ്കിലും പ്രഖ്യാപനം ഉണ്ടായിട്ടില്ല.