കോവളം: കോവളം നിയോജക മണ്ഡലത്തിലെ നഗരസഭ വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മണ്ഡലത്തിലെ നഗരസഭ വാർഡുകളായ ഹാർബർ, വിഴിഞ്ഞം, വെങ്ങാനൂർ, വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന പോർട്ട് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്.
ദിവസങ്ങൾക്കുമുന്പു വെങ്ങാനൂർ, ഹാർബർ വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി വെെസ് പ്രസിഡന്റ് ഉപേഷിന്റെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹിയും യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമടക്കമുള്ള പ്രവർത്തകർ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ഹാർബർ വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കൂടിയാലോചനയില്ലാതെയാണെന്നും കോവളം എംഎൽഎ യുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും ആരോപിച്ചായിരുന്നു രാജി. ഇതിനു പിന്നാലെ വിഴിഞ്ഞം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന ലതാ സുഗതൻ പാർട്ടി സ്ഥാനാർഥിക്കെതിരെ വാർഡിൽ സ്വതന്ത്രയായി മത്സര രംഗത്തിറങ്ങുകയും ചെയ്തു.
ഇന്നലെ വിഴിഞ്ഞം, പോർട്ട് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ വിഴിഞ്ഞത്ത് വാർഡു കമ്മിറ്റി നൽകിയ ലിസ്റ്റിൽ ഇല്ലാത്തയാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതി നെച്ചൊല്ലിയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസെെൻ, കാഞ്ഞിരംകുളം ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ് എന്നിവരാണ് രാജിവെച്ചത്. മറ്റു നിരവധി നേതാക്കൾ രാജിക്കൊരുങ്ങുന്നതായും രാജിവെച്ചവർ പറഞ്ഞു.
കഴിഞ്ഞ രണ്ടു തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണക്കാരനായ വ്യക്തിയെ ഇത്തവണ വിഴിഞ്ഞം വാർഡിൽ വീണ്ടും മത്സരിപ്പിക്കാനുള്ള എം എൽഎയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നും കോവളം മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ അവഗണിച്ചു പല കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകി കയറ്റി ഏകപക്ഷീയമായ പ്രവർത്തനങ്ങളാണു നടത്തുന്നതെന്നും ഇതിനെതിരെ ഡിസിസി, കെപിസിസി തലത്തിൽ പരാതി നൽകിയിട്ടും ജില്ലയിലെ പാർട്ടിയുടെ ഏക എംഎൽഎയും കെപിസിസി ഭാരവാഹിയുമായതിനാൽ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വമെന്നും രാജിവച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസെെൻ പറഞ്ഞു.
എംഎൽഎയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്ന കാക്കാമൂല ബിജു, ബാലരാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധിപേർ രണ്ടു പാർട്ടി വിട്ടിരുന്നു. ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് സംരക്ഷണ സമിതി എന്ന പേരിലും പ്രവർത്തനം നടത്തിവരുന്നുണ്ട്.
Tags : Local News Thiruvananthapuram Nattuvishesham