പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച വികസന നേട്ടങ്ങളുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. അതുകൊണ്ടു തന്നെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതികൾ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് രാഷ്ട്രീയ വിവേചനമൊന്നുമില്ലാതെ എല്ലാ കാര്യങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള എല്ലാ റോഡുകളും ബിഎം ബിസി നിലവാരത്തിൽ നിർമിച്ചവയാണ്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ റോഡ് വികസന ഫണ്ട് ലഭ്യമാക്കിയത്. പഞ്ചായത്ത് റോഡുകളും നല്ല നിലവാരത്തിൽ. നടപ്പാതകൾ വരെ കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ടെന്ന് രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി.
സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചതോടെ വലിയ വിഭാഗം ജനങ്ങൾ ആഹ്ലാദത്തിലാണ്. ആശ, അങ്കണവാടി ജീവനക്കാർ, സർക്കാർ ജീവനക്കാരടക്കം തൃപ്തരാണ്. എന്നാൽ എല്ലാ വികസന പ്രവർത്തനങ്ങളെയും കണ്ണുമടച്ച് എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഏറ്റവുമൊടുവിൽ അതി ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയെപ്പോലും അവഹേളിക്കാനും എതിർക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്.
ഇനി ദാരിദ്ര്യമില്ലാത്ത കേരളം എന്ന ലക്ഷ്യമാണ് അടുത്ത അഞ്ചുവർഷം കൊണ്ട് നേടാനുള്ളത്. ലൈഫ് ഭവന പദ്ധതിയിലൂടെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകി രാജ്യത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കേരളം. അധികാര വികേന്ദ്രീകരണത്തിലൂടെ സ്കൂൾ, ആശുപത്രികളടക്കം ജനങ്ങളുടെ ഗ്രാമീണ ജീവിത നിലവാരം ഉയർത്താനായി. അത്തരം സാഹചര്യം ഉൾക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി പ്രതികരിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും രാജു ഏബ്രഹാം പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ളയും തെരഞ്ഞെടുപ്പ് വിഷയം: അടൂർ പ്രകാശ്
പത്തനംതിട്ട: ശബരിമല വിഷയം കോൺഗ്രസിന് അനുകൂല ഘടകമായി മാറുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി.
ശബരിമലയിൽ നടന്ന കൊള്ള ജനങ്ങൾ ഓരോന്നായി അറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൽ സത്യമുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും റിബൽ സ്ഥാനാർഥികൾ വരാതിരിക്കാൻ പ്രത്യേകം സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച ക്ഷേമപെൻഷൻ പൂർണമായും നടപ്പാക്കണമെന്ന് പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.