ചിറ്റൂർപ്പുഴ ആലാംകടവിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ പാലം.
ചിറ്റൂർ: ചിറ്റൂർപ്പുഴ ആലാംകടവിൽ മേൽപാല നിർമാണജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പുതുവർഷ സമ്മാനമായി നാടിനു സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മീനാക്ഷിപുരം, മൂലക്കട, ഇന്ദിരാനഗർ, പ്ലാച്ചിമട, കുഞ്ചുമേനോപതി, സർക്കാർപതി, അഞ്ചുവെള്ളക്കാട്, നെല്ലിമേട്, കന്നിമാരി, പേട്ടമൊക്ക്, കല്യാണപ്പെട്ട, തിമ്മിച്ചെട്ടി, കോരിയാർച്ചള്ള, നർണി, കല്ലഞ്ചിറ ഉൾപ്പെടെ സ്ഥലങ്ങളിൽ ഉള്ളവർക്ക് ചിറ്റൂരിലേക്ക് ആലാം കടവ് മേൽപ്പാലത്തിലുടെ മഴക്കാലത്തും തടസമില്ലാതെ സഞ്ചരിക്കാം.
കാലവർഷമെത്തുമ്പോൾ നിലംപതി കവിഞ്ഞൊഴുകുന്നതുമൂലം ഇതുവഴി യാത്ര ചെയ്യാനാവാതെ വണ്ടിത്താവളം വിളയോടിവഴി അധികദൂരം ചുറ്റിയാണ് ചിറ്റൂരിൽ എത്തിയിരുന്നത്. ഈ പ്രശ്നത്തിന് മേൽപ്പാലം തുറന്നാൽ പരിഹാരമാകും. കൂടുതൽ ബസ് സർവീസുകൾക്കുപുറമെ തമിഴ്നാട്ടിലേക്കുള്ള യാത്രാവാഹനങ്ങൾക്കും സുഖസഞ്ചാരമാണ് പ്രാപ്തമാവാനിരിക്കുന്നത്.
നർണി മുതൽ കന്നിമാരി പള്ളിമൊക്ക് വരെ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ വിശാലമായ റോഡ് മൂന്ന് വർഷം മുന്പുതന്നെ ശരിയാക്കിയിട്ടുണ്ട്.
സ്ഥലം എംഎൽഎ യും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായാണ് ആലാംകടവിൽ മേൽപാലം യാഥാർഥ്യമാകുന്നത്.