അടിമാലി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂളടക്കം നിരവധിസ്ഥാപനങ്ങൾ സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ നിരവധി ജീവനക്കാരാണ് ജോലിചെയ്തുവരുന്നത്.ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾക്ക് എയിഡഡ് പദവി നൽകണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളേറെയായി.
നൂറിലധികം കുട്ടികൾ പഠനം നടത്തുന്ന സ്പെഷൽ സ്കൂളുകളെ എയ്ഡഡ് ആക്കി മാറ്റുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നുവെന്ന് മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി പറഞ്ഞു.സ്പെഷൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് തുച്ഛമായ ശന്പളം മാത്രമാണുള്ളത്.വലിയ തുക നൽകി അധ്യാപകരെ ജോലിക്ക് നിയമിക്കാൻ പല സ്പെഷൽ സ്കൂളുകൾക്കും സാധിക്കാത്ത സാഹചര്യവുമുണ്ട്. സ്കൂളുകൾ എയ്ഡഡായി ഉയർത്തിയാൽ അധ്യാപകർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനു വഴിതെളിയും.
എയ്ഡഡ് ആയി ഉയർത്താൻ വർഷങ്ങൾക്കു മുന്പ് സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിനു പല സ്കൂളുകളും വലിയ തുക ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടാകാതെ വന്നതോടെ ഇതിനായി ചെലവഴിച്ച തുക അധിക ബാധ്യതയായി മാറി. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിൽ ചേർത്ത് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്പെഷൽ സ്കൂളുകളെ എയ്ഡഡ് പദവിയിലേക്കുയർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.