അടൂർ: ഭാര്യയെ കാൺമാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലു വയസുള്ള മകനുമായി യുവാവ് സ്വകാര്യ ബസിനു മുന്പി ൽ ചാടി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.30ന് അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ട - അടൂർ - ചവറ റൂട്ടിൽ ഓടുന്ന അശ്വിൻ ബസിന്റെ മുന്നിലാണ് ഭാര്യക്കൊപ്പം അടൂർ ജനറൽ ആശുപത്രിയിൽ എത്തിയ പിതാവ് മകനുമായി ചാടിയത്.
ഡ്രൈവർ ഇളമണ്ണൂർ മാരൂർ ചാങ്കൂർ സ്വദേശിയായ ബി.ഉണ്ണികൃഷ്ണൻ പെട്ടെന്ന് തന്നെ ബ്രേക്കിട്ട് ബസ് നിർത്തി. തുടർന്ന് അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐമാരായ ജി.സുരേഷ് കുമാർ, ടി.എൻ.അയൂബ്,സിപിഒ ഷിമിം എന്നിവർ സ്ഥലത്തെത്തി പിതാവിനേയും മകനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തന്റെ ഭാര്യയെ കാണാനില്ലെന്നും തന്നെ വിട്ടുപോയെന്നും പോലീസിനോട് ബസിനു മുന്പിൽ ചാടിയ യാൾ പറഞ്ഞു. എന്നാൽ ഈ സമയം ഭാര്യ മകനേയും ഭർത്താവിനേയും തിരക്കി ആശുപത്രിയിൽ നടക്കുകയായിരുന്നു. പിന്നീട് ഇവരെ ട്രാഫിക് എസ്ഐ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിൽ നിന്നും കണ്ടെത്തി. തുടർന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇവർ വന്ന ഓട്ടോറിക്ഷയിൽ കയറ്റി അയച്ചു.
ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.