അമ്മയായതിനുശേഷം നടി നയന്‍താര പങ്കെടുത്ത ആദ്യത്തെ സ്റ്റേജ് ഷോയുടെ വീഡിയോ വൈറലാവുന്നു. ബിഹൈന്‍വുഡ്സിന്റെ ഈ ദശകത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു നയന്‍സ്. പൊതുവെ ഇത്തരം അവാര്‍ഡ് ഷോകളില്‍ എല്ലാം നയൻസിനൊപ്പം ഭർത്താവ് വിക്കിയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ പുരസ്കാര നിശയില്‍ വിക്കി ഉണ്ടായിരുന്നില്ല.
മണിരത്നം ആണ് നയന്‍താരയ്ക്ക് പുരസ്കാരം നല്‍കിയത്. മണിസാറില്നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നയന്‍ പങ്കുവച്ചു. ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്നമാണ് മണിസാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. ഒന്ന് രണ്ട് അവസരങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. പക്ഷെ അത് ചെയ്യാനായി സാധിച്ചില്ല. ഭാവിയില്‍ ഒരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ പറ്റുമെന്നും അതിന് ഇതുപോലെ ഒരു പുരസ്കാരം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു- നയന്‍താര പറഞ്ഞു.
തുടര്‍ന്നാണ് ഷോ അവതാരിക നയന്‍താരയുടെ മക്കളെക്കുറിച്ച് ചോദിച്ചത്. പേര് വെളിപ്പെടുത്താനായി ആവശ്യപ്പെട്ടപ്പോള്‍, സത്യത്തില്‍ ഇത് അദ്ദേഹം (വിഘ്നേശ് ശിവന്) വെളിപ്പെടുത്തേണ്ടതാണ്. അതിന് സാധിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ പറയാം. എന്റെ മൂത്ത മകന്റെ പേര് ഉയിര് രുദ്രോനീല്‍ എന്‍ ശിവന് എന്നാണ്, രണ്ടാമത്തെ മോന്റെ പേര് ഉലക് ദൈവക് എന്‍ ശിവന്- നയന്‍താര പറഞ്ഞു.
ജീവിതം എന്ന് പറയുന്നതുതന്നെ ഒരു ബാലന്‍സിംഗ് ആണ്. ഞാന്‍ മാത്രമല്ല, ഒരുപാട് വീട്ടമ്മമാര്‍ വീട്ടിലെ കാര്യങ്ങളും അവരുടെ മക്കളുടെ കാര്യവും വളരെ ഭംഗിയായി ചെയ്യുന്നു. വലിയൊരു എഫേര്‍ട്ട് ആണത്. വര്‍ക്കിംഗ് മദര്‍ ആവുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കുറച്ച് കൂടി കൂടും. കരിയറിലെ അച്ചീവ്മെന്റും വീട്ടിലെ കാര്യങ്ങളും നോക്കി പോകാന്‍ കഴിയുന്നത് ഒരു ബാലന്‍സ് തന്നെയാണ്. ഞാന്‍ അത് ആസ്വദിക്കുന്നു- നയന്‍താര വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.