കർണാടകയിലെ ബന്ദിപ്പൂര്‍ വനത്തിൽ ഡിസ്കവറി ചാനലിന്റെ മാന്‍ vs വൈല്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ സൂപ്പർ സ്റ്റാർ രജനീകാന്തിന് പരിക്ക്. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു. താരത്തിന്റെ കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച മുതലായിരുന്നു ഷൂട്ട് ആരംഭിച്ചത്. താരത്തിന് പരിക്കേറ്റതിനാൽ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു. 28നും 30നും പകൽ സമയം ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം അധികൃതർ അനുമതി നല്‍കിയിരിക്കുന്നത്.
വനത്തിലുള്ള ചിത്രീകരണത്തിന് ഡിസ്കവറി ചാനൽ ടീമിന് കർശന നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകരുത്. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.