അനുവാദമില്ലാത്ത സ്പര്‍ശനം പോലും തെറ്റ്: ശ്വേതാ മേനോന്‍
Friday, September 30, 2022 3:16 PM IST
സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് എത്തിയ യുവനടിമാര്‍ക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതു കഴിഞ്ഞ ദിവസമാണ്.

വര്‍ഷങ്ങൾക്കു മുന്പ് ഇതേ അവസ്ഥയിലൂടെ തനിക്കും കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും അന്നു താനിതിനെതിരേ പ്രതികരിച്ചതാണെന്നും വ്യക്തമാക്കി നടി ശ്വേത മേനോന്‍. സ്ത്രീസുരക്ഷയില്‍ കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ അൽപ്പം കുറഞ്ഞാലും പൊതുജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ അവകാശമൊന്നുമില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

സിനിമയുടെ പ്രൊമോഷനു വേണ്ടി പൊതുസ്ഥലത്തു പോയ സിനിമാതാരങ്ങള്‍ക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഒരു സിനിമയില്‍ അഭിനയിച്ചവര്‍ക്ക് അതിന്‍റെ പ്രൊമോഷനു വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാന്‍ കഴിയില്ല.

കോഴിക്കോട് മാത്രമല്ല ലോകത്തിന്‍റെ ഏതുകോണിലായാലും സ്ത്രീകള്‍ക്കു പേടി കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയണം. നൂറു ശതമാനം സാക്ഷാരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ ഒരു ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങി നടക്കുന്നതും. ഞങ്ങളും ജോലി ചെയ്യനാണു പുറത്തിറങ്ങുന്നത്.

ശാരീരികമായി കൈയേറ്റം ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാളെന്ന നിലയിലാണ് ഞാനിതു പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നെന്ന് പറയുന്നവരുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് ആദ്യം മനസിലാക്കുക.

ഒരു പെണ്‍കുട്ടി പ്രതികരിച്ചു, മറ്റൊരു പെണ്‍കുട്ടിക്ക് അതിനു കഴിഞ്ഞില്ല. അവള്‍ പോയി സോഷ്യല്‍ മീഡിയയില്‍ എഴുതി. എല്ലാവര്‍ക്കും പെട്ടെന്നു പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നമ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പോലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രത്തോളം തളര്‍ത്തുമെന്ന് അവള്‍ക്ക് മാത്രമേ അറിയുകയുള്ളു.

സോഷ്യല്‍ മീഡിയയിലുള്ള ആളുകള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ്. ഇതെല്ലാം ഞാനും അനുഭവിച്ചതാണ്. 1999 ലും 2013 ലും ഞാന്‍ സംസാരിച്ചത് തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നത് എന്തു കഷ്ടമാണ്. സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് ഞാന്‍ അന്നു മുതല്‍ പറയുന്ന കാര്യമാണെന്നും ശ്വേത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.