കെജിഎഫ് 2 ബംപർഹിറ്റ്, വൈക്കംകാരൻ സുധാംശുവിന്‍റെ പാട്ടെഴുത്തും!
Saturday, May 7, 2022 4:42 PM IST
സുഭാഷ് ഗോപി
ബോക്സ് ഓഫിസിൽ കോടികൾ വാരിക്കൂട്ടിയ കെജിഎഫ് 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗാനങ്ങൾ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കുമ്പോൾ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച വൈക്കം തലയോലപറമ്പ് സ്വദേശി സുധാംശുവിനു ആത്മഹർഷം.

പ്രണയത്തിന്‍റെ തീവ്രത അനുഭവവേദ്യമാക്കുന്ന മെഹബൂബ, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ തൂഫാൻ എന്നീ ഗാനങ്ങൾ കെജിഎഫ് 2 വിന്‍റെ വിജയത്തിൽ ഗണ്യമായ പങ്കുവഹിച്ചു. മെഗാ വിജയമായ കെജിഎഫ് ഒന്നിന്‍റെ സംഭാഷണവും ഗാനങ്ങളും സുധാംശുവിന്‍റേതായിരുന്നു.100 ലധികം മൊഴിമാറ്റ ചിത്രങ്ങൾക്കു ഗാനരചന നിർവഹിച്ചിട്ടുള്ള സുധാംശു കെജിഎഫ്, മഗധീര, രുദ്രമാദേവി, ലക്ഷ്മി, വിശ്വരൂപം, രാക്ഷസൻ , മൈത്രി, കാപ്പാൻ, വേൾഡ് ഫെയ്മസ് ലവർ തുടങ്ങി 40 ലധികം മൊഴിമാറ്റ ചിത്രങ്ങൾക്ക് സംഭാഷണമെഴുതിയിട്ടുണ്ട്.

കെജിഎഫ് ഒന്നും രണ്ടും നേടിയ ഉജ്ജ്വല വിജയം സുധാംശുവിന്‍റെ കലാജീവിതത്തിലും വഴിത്തിരിവാകുകയാണ്. ഈ മൊഴിമാറ്റ ചിത്രങ്ങളുടെ അഭൂതപൂർവമായ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് സുധാംശുവിനെ തേടി വന്നത്.

കമൽഹാസന്‍റെ പുതിയ ചിത്രം വിക്രം 2 മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് സുധാംശുവാണ്. കമലിനൊപ്പം വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിക്കുന്ന വിക്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

ഇതിനു പുറമെ കന്നട ചിത്രം ദേവകി, നാട്ടിൻപുറത്തുകാരി നക്സൽ പ്രവർത്തകയായി മാറുന്ന സായ്പല്ലവിയുടെ തെലുങ്ക് ചിത്രം വിരാടപർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഭാഷണ രചനയും സുധാംശു നിർവഹിച്ചു വരികയാണ്.

മറുഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ പ്രമേയത്തിന്‍റെ അന്തഃസത്തയും ഭാഷയുടെ മനോഹാരിതയും ചോരാതെ അവതരിപ്പിക്കുന്നതാണ് സുധാംശുവിനെ മൊഴിമാറ്റ ചിത്രങ്ങളുടെ അണിയറക്കാരുടെ പ്രിയങ്കരനാക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകൾക്കായി മറുഭാഷചിത്രങ്ങളുടെ മൊഴിമാറ്റം നടത്തുന്നത് സുധാംശുവാണ്.2000ൽ നഗരവധു എന്ന ചലച്ചിത്രത്തിനു ഗാനരചന നിർവഹിച്ച സുധാംശു ഇതിനകം മലയാളത്തിൽ 20 ഓളം ചിത്രങ്ങൾക്കായി ഗാനരചന നടത്തി. ശിവമോഗയിൽ എൽഎൽബി പഠനത്തിനു പോയപ്പോഴാണ് സുധാംശു തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചത്. കാതൽ കോട്ടെ എന്ന മൊഴിമാറ്റ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ തേടിവന്നു.

തലയോലപറമ്പിലെ പാരമ്പര്യ വൈദ്യകുടുംബത്തിലെ അംഗമായ സുധാംശുവിന് സംഗീതവും പൈതൃകമായി ലഭിച്ചതാണ്. ഹിന്ദു , ക്രിസ്ത്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ രചിച്ചിട്ടുണ്ട്. 15 വർഷത്തോളം അഭിഭാഷകനായിരുന്ന സുധാംശു ആറു വർഷമായി കണ്ണൂർ ടെക്നിക്കൽ സ്കൂളിലെ മലയാള അധ്യാപകനാണ്.

ഭാര്യ ദീപ്തി ആലുവ എസ്എൻഡിപി എച്ച്എസിലെ അധ്യാപികയാണ്. ബിരുദ വിദ്യാഥിനിയായ മൂത്ത മകൾ ഗീതിക പാല അൽഫോൺസ കോളേജ് ചെയർപേഴ്സണും ഇളയ മകൾ ഗായതി മൂന്നാം ക്ലാസ് വിദ്യാർഥിനിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.