ഷെയ്ൻ നിഗമിന് വിലക്ക്; വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിച്ചു
Thursday, November 28, 2019 3:32 PM IST
ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ വിലക്ക്. വെയിൽ, കുർബാനി എന്നീ സിനിമകളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിലാണ് നടപടി. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുന്നതായും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിന്റേതാണ് തീരുമാനം. നിർമാതാക്കൾക്കുണ്ടായ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
തീരുമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിർമാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഷെയിൻ നിഗത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഷെയ്ൻ നിരന്തരമായി അച്ചടക്കലംഘനം നടത്തി. സിനിമ ലോക്കേഷനുകളിൽ വൈകി വരുന്നത് പതിവാണ്. വെയിലിന്റെ ലോക്കേഷനിൽ നിന്ന് കാരണം പറയാതെ ഇറങ്ങി പോയി. ഇന്നുവരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിനിൽനിന്ന് ഉണ്ടാകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാനണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ചില താരങ്ങൾ കാരവാനിൽനിന്ന് ഇറങ്ങാൻ തായറാകുന്നില്ല. കാരവാനുള്ളിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൂട്ടിച്ചേർത്തു. സിനിമ ലോക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.