രേഖാചിത്രം മൊഴിമാറ്റം ചെയ്യുന്നതിനോട് താൽപര്യമില്ല: ജോഫിൻ ടി. ചാക്കോ
Friday, January 17, 2025 11:47 AM IST
രേഖാചിത്രം സിനിമ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് സംവിധായകന് ജോഫിന്‍ ടി. ചാക്കോ. അഞ്ച് വര്‍ഷത്തെ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമയെന്നും മലയാളത്തില്‍ മാത്രം ഉദ്ദേശിച്ച് പുറത്തിറക്കിയ ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനോട് താല്‍പ്പര്യം ഇല്ലെന്നും ജോഫിന്‍ പറഞ്ഞു.
തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വിശേഷം എറണാകുളം പ്രസ്ക്ലബ്ബില്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. പുതുമയുള്ള ഒരു ആഖ്യാനവുമായി രേഖാചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ നല്കിയ പിന്തുണ വളരെയധികം മികച്ചതാണ്. ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നതിന്റെ സാധ്യതകളെ സ്ക്രീനില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. മമ്മൂട്ടി ചിത്രം കാതോട് കാതോരം സിനിമയെ ചുറ്റിപ്പറ്റി മുന്നോട്ടു പോകുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഫിസിക്കല്‍ പ്രസന്‍സ് ഒരിക്കല്‍പോലും വേണ്ടന്നത് തങ്ങളുടെ തീരുമാനമായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ പഴ കാലഘട്ടം സിനിമയില്‍ കാണിക്കാന്‍ ആന്ട്ടിഫിഷല് ഇന്റലിജന്റ് പ്രയോജനപ്പെടുത്തി. എഐ വര്‍ക്കുകള്‍ കൊച്ചിയിലാണ് പൂര്‍ത്തീകരിച്ചത്. ജോണ്‍ പോള്‍ അടക്കമുള്ളവരുടെ ഭാഗം ഇത്തരത്തില്‍ ചിത്രീകരിച്ചതാണ്.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ ഒരുപാട് വ്യക്തികളുടെ ജീവിതത്തിലൂടെ സിനിമയുടെ കഥ പറഞ്ഞു പോകുന്നുണ്ട്. സിനിമയില്‍ പ്രതിപാദിക്കുന്ന ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു പോയവരുടെയും ഒക്കെ അനുമതിയില്ലാതെ ഈ ചിത്രം തിയേറ്ററില്‍ എത്തുകയില്ല. അതുകൊണ്ടുതന്നെ ഒരുപാട് പേരുടെ എന്‍ഒസി ഈ സിനിമയ്ക്ക് വേണ്ടി വന്നു. ആദ്യചിത്രത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു രേഖാചിത്രമെന്നും ജോഫിന്‍ പറഞ്ഞു.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരായ മേഘാ തോമസ്, ഭാമ അരുണ്‍, സറിന് ഷിഹാബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു