നടിക്കുനേരേ ലൈംഗികാതിക്രമം: കന്നഡ നടൻ അറസ്റ്റിൽ
Saturday, December 28, 2024 2:58 PM IST
കന്നഡ-തെലുങ്ക് പരന്പരകളിലെ യുവനടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തത കേസിൽ പ്രശസ്ത കന്നഡ സീരിയൽ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. 29 കാരിയുടെ പരാതിയിൽ ഇന്നലെയാണ് രാജരാജേശ്വരി നഗർ പോലീസ് ചരിത്തിനെ അറസ്റ്റ് ചെയ്തത്. ജീവനു ഭീഷണിയുണ്ടെന്നും നടി പരാതിയിൽ പറയുന്നു.
2023-2024 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. 2023ൽ ആണ് ചരിത് ബാലപ്പയുമായി നടി പരിചയത്തിലാകുന്നത്. നടിയോട് പ്രണയബന്ധത്തിലേർപ്പെടാൻ ചരിത് നിർബന്ധിച്ചിരുന്നു. നിരസിച്ചതിനെത്തുടർന്നു വധഭീഷണിയും മുഴക്കി. പ്രതിയും കൂട്ടാളികളും നടിയുടെ വസതിക്കു സമീപം നിരന്തരം ശല്യമുണ്ടാക്കുകയും താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും നടൻ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
തന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
രാഷ്ട്രീയക്കാരുമായും ഗുണ്ടകളുമായും അടുത്തബന്ധം പുലർത്തുന്ന ചരിത് തന്നെ അപായപ്പെടുത്തുമെന്നും ജയിൽ തള്ളുമെന്നു ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.