‘മാര്‍ക്കോ'സിനിമയുടെ വ്യാജ പതിപ്പ്: ടെലിഗ്രാം ലിങ്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം
Saturday, December 28, 2024 12:54 PM IST
ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് അറസ്റ്റിലായ കേസില്‍ ടെലിഗ്രാം ലിങ്കിന്റെ ഉറവിടം കണ്ടെത്താനായി കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് ആലുവ പരിയാരത്തുവീട്ടില്‍ അക്വിബ് ഹനാന് (22) ആണ് ഇന്നലെ അറസ്റ്റിലായത്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക് എന്നിവ പോലീസ് പിടിച്ചെടുത്തു.
ആവശ്യപ്പെടുന്നവര്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി സിനിമയുടെ ടെലിഗ്രാം ലിങ്ക് അയച്ചുനല്‍കുകയായിരുന്നു. ഇതുവഴി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് റീച്ച് വര്‍ധിപ്പിക്കാനായിരുന്നു ശ്രമം. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായും വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും കാണിച്ച് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് നല്കിയ പരാതിയിലായിരുന്നു അന്വേഷണം.
വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാവ് പോലീസിന് കൈമാറിയിരുന്നു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. കൊച്ചി സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ ശൈലേഷ്, സിപിഒ റോബിന്, ഷറഫുദ്ദീന്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.