ചോദ്യമുനയിൽ സൗബിൻ; പറവ ഫിലിംസിൽ 60 കോടിയുടെ വെട്ടിപ്പ്
Friday, November 29, 2024 11:24 AM IST
പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 60 കോടിയുടെ വെട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു.
സംഭവത്തിൽ നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി അധികൃതർ അറിയിച്ചു.
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.
നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്.