സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
Friday, November 29, 2024 9:39 AM IST
നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.
ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.
മുൻപ് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ സൗബിൻ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനായി താൻ പണം മുടക്കിയിരുന്നുവെന്നും എന്നാൽ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താൻ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നൽകിയത്.
ഈ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയായിരുന്നു കേസ്.
ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇഡി സൗബിനെ ചോദ്യം ചെയ്തിരുന്നു.