"എന്‍റെ അറിവില്ലായ്മയായിരുന്നു അത്'
Wednesday, June 7, 2023 2:54 PM IST
സിനിമയിൽ പതിനെട്ടാം വർഷത്തിൽ എത്തിനിൽക്കുകയാണ് ഹണി റോസ്. 2005ൽ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ഇപ്പോൾ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ട്രോളുകയും ചെയ്യാറുണ്ട്. ഒരുപാട് ബോഡി ഷേമിംഗ് കമന്‍റുകളും താരത്തിന് കേൾക്കേണ്ടി വരാറുണ്ട്.

വസ്ത്രധാരണത്തിൽ അടക്കം വന്നിട്ടുള്ള തന്‍റെ നല്ല മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് ഹണി റോസ്. ഒഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ""സമയമെടുത്താണു ഞാൻ മാറിയത്. തുടക്കത്തിൽ എനിക്ക് സംസാരിക്കാൻപോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങൾക്കു പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണു പ്രതികരിച്ചിരുന്നത്.

"വളരെ അന്തർമുഖയായിരുന്നു ഞാൻ. ഒരു സ്ലീവ്‌ലെസ് ടോപ്പ് ഇടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ എന്‍റെ അറിവില്ലായ്മയായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു.

മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്ത്, കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല, ഇതിലൊന്നും മോശമെന്ന് കരുതാൻ ഒന്നുമില്ലെന്ന് മനസിലായത്. നാട്ടിൻപുറത്തു ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. അതിൽനിന്ന് ഒരുപാടു മാറി. ഇപ്പോൾ ഇഷ്ടമുള്ള കംഫർട്ടബിളായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്.

സിനിമയിലെത്തി പതിനെട്ടു വർഷമായിട്ടും അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഉയർച്ചകളും താഴ്ചകളും ഒരുപാട് ഉണ്ടായിട്ടുണ്ട്. വിഷമം തോന്നിയ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവിടെ ഉണ്ടെന്നതാണ് സന്തോഷം. ഒരു നായികയെ സംബന്ധിച്ച് ഇത്രയും വർഷങ്ങൾ നിലനിൽക്കുക എളുപ്പമല്ല. ഞാൻ വന്നതിനുശേഷം വന്ന പലരും ഫീൽഡിൽ ഇപ്പോൾ ഇല്ല.

ട്രിവാൻഡ്രം ലോഡ്ജ് മുതലാണ് സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയതും നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയതും. ആ സിനിമ എനിക്കൊരു സ്കൂൾ പോലെയായിരുന്നു. അതിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഇന്നും പ്രിയപ്പെട്ടതാണ്.

അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് വൺ ബൈ ടു എന്ന സിനിമയിലെ ഡോ. പ്രേമ. എന്‍റെയൊരു സിനിമ തിയറ്ററിൽ ആഘോഷിക്കപ്പെടുന്നത് കണ്ടത് ചങ്ക്സ് എന്ന സിനിമയാണ്''- ഹണി റോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.