"ലേശം തൊലിക്കട്ടി കൂടുതലുണ്ട്...'
Tuesday, August 2, 2022 3:37 PM IST
വളരെ ചെറുപ്രായത്തിൽത്തന്നെ വെള്ളിത്തിരയിലെത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഖ കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

അടുത്തയിടെ സോഷ്യല്‍ മീഡിയ പേജുകളെക്കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഖ പറഞ്ഞത്. ഇതു വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

"ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്‍റെ ചുറ്റിലുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ മാറി കൊണ്ടിരിക്കും.

കൂടുതല്‍ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇന്‍സ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിനുശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാന്‍ നോക്കിയതേയില്ല. ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാന്‍ പോയില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ.

എന്‍റെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പേജുകള്‍ നോക്കുന്നത് ഞാന്‍ തന്നെയാണ്. ഒരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ കൊടുക്കാന്‍ നോക്കി. പക്ഷേ ആ പേജ് എന്‍റെ പേഴ്സണലാണ്. കൂട്ടുകാര്‍ക്ക് മെസേജ് അയക്കാനും മറ്റുമായി തുടങ്ങിയതാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലെ മറ്റ് കാര്യങ്ങള്‍ നോക്കിയിട്ടല്ല. ഇപ്പോഴും അങ്ങനെയാണ്. മില്യണ്‍ കണക്കിന് ഫോളോവേഴ്സ് ഉണ്ടാവണമെന്നൊന്നും ഇല്ല. എല്ലാവര്‍ക്കും മെസേജ് അയക്കാനും അവരുടെ മറുപടികള്‍ എന്തൊക്കെയാണെന്നും അറിയാനാണ് ഞാന്‍ ഇന്‍സ്റ്റാഗ്രാം നോക്കുന്നത്.

സ്ഥിരമായി പോസ്റ്റുകളും സ്റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോള്‍ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്‍റെ വിവരമൊന്നും ഉണ്ടാവില്ല. എന്‍റെ മൂഡും എന്‍റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകള്‍ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ പതിനഞ്ച് മിനിറ്റ് വരെ അതിന് താഴെ വരുന്ന കമന്‍റുകള്‍ നോക്കും. അതുകഴിഞ്ഞാല്‍പ്പിന്നെ അക്കാര്യം വിടുകയാണ് പതിവ്.

എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്‍റുകളും വിമര്‍ശനവും ഏല്‍ക്കില്ല. കമന്‍റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്‍റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോള്‍ നിര്‍ത്തി. പറഞ്ഞിട്ട് കാര്യമില്ല- അനിഖ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.