അന്നയും റസൂലും ഒഴിവാക്കിയതിനു പിന്നിൽ
Saturday, April 1, 2023 11:58 AM IST
മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിലെ അഹാന അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് തുറന്ന് സമ്മതിക്കാൻ അഹാന മടിച്ചിട്ടില്ല.

അർഹമായ അവസരങ്ങൾ എന്തുകൊണ്ട് നടിക്ക് ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചോദ്യം വരാറുണ്ട്. അഹാനയ്ക്കെതിരേ നിരവധി ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും അഭിനയം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം അടി എന്ന സിനിമയിൽ നായികയായെത്തിയിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ.

അതേസമയം അഹാന നൽകിയ ഒരു അഭിമുഖമാണിപ്പോൽ ശ്രദ്ധ നേടുന്നത്. കരിയറിലെ തുടക്ക കാലത്ത് അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിൽനിന്നും ഓഫർ വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചു. എന്തുകണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടല്ലോ.

അന്നയും റസൂലിനും ഇന്നായിരുന്നു എന്നെ വിളിച്ചിരുന്നതെങ്കിലെന്ന് ആഗ്രഹിക്കുന്നു. കാരണം അന്ന് വിളിക്കുമ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ്. ഞാൻ എൻട്രൻസ് കോച്ചിന് ജോയിൻ ചെയ്തിരിക്കുന്ന സമയം. ഞാൻ നോ പോലും പറഞ്ഞില്ലെന്നതാണ് സത്യം. അതൊരു ചർച്ചയായി അങ്ങ് പോയി. അന്നയും റസൂലിലും ആൻഡ്രിയ ചെയ്ത കഥാപാത്രത്തിന് പതിനഞ്ച് വയസുള്ള ഞാൻ ഒരിക്കലും യോജിക്കുന്നതായി ഇന്ന് തോന്നുന്നില്ല. പക്ഷെ അങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് രാജീവ് രവി വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്- അഹാന പറഞ്ഞു

പിന്നീട് രാജീവ് രവി തന്നെ ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായതിനെക്കുറിച്ചും അഹാന സംസാരിച്ചു. തിരുവനന്തപുരത്ത് വച്ചാണ് സ്റ്റീവ് ലോപ്പസ് ഷൂട്ട് ചെയ്തത്. നായികയുടെ കഥാപാത്രത്തിന് പത്ത് പന്ത്രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ വീട്ടിനടുത്തായിരുന്നു ഷൂട്ട്. ചിലപ്പോൾ അത് കൊണ്ട് വിളിച്ചതായിരിക്കാം.

വ്യക്തി ജീവിതത്തിൽ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. നമ്മുടെ ജീവിതമെന്നത് ചിലപ്പോൾ ഈ ആളുകളൊക്കെ കൂടിച്ചേർന്നുണ്ടാക്കുന്നതാണ്. ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. പക്ഷെ ഇഷ്ടമുള്ളവരെ ഡിപെന്‍റ് ചെയ്യാനുമിഷ്ടമാണെന്നും ആഹാന കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.