കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിർണിയിച്ചിട്ടില്ല. 400 ഓളം ഒഴിവുകൾ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും രാത്രി പത്തുമണിക്കും ഇടയിലായിരിക്കും ജോലി.
ശന്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലിക്ക് ഓരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. കൂടാതെ ഇൻസെന്റീവ്/ അലവൻസുകൾ/ ബത്ത എന്നിവ ലഭിക്കും.
അടിസ്ഥാന യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രായം: എച്ച്പിവി ലൈസൻസുള്ളവർക്ക് 35 വയസ്. എൽഎംവി ലൈസൻസുള്ളവർക്ക് 30 വയസ്. ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസിളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. കൂടാതെ രണ്ടുവർഷത്തേക്ക് മുപ്പതിനായിരം രൂപയുടെ ബോണ്ടും സർപ്പിക്കണം. തുടർച്ചയായി മൂന്ന് മാസങ്ങളിൽ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികൾ ചെയ്യാത്തവരെ ജോലിയിൽനിന്ന് പിരിച്ചു വിടും.
അപേക്ഷ: www.kcmd.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഏഴ് വൈകുന്നേരം അഞ്ച്. വെബ്സൈറ്റ്:www.keralartc.com, www.kcmd.in.