പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, മാനേജമെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷയാണ് നടത്തുന്നത്. 11 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബാങ്കുകളിൽ ആകെ 4,400 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26. ഒ ക്ടോബർ മാസത്തിൽ പ്രിലിമിനറി പരീക്ഷ നടത്തും.
ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാണഷല് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് മറ്റേതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനം എന്നിവയാണ് (CWE) തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകൾ.
തെരഞ്ഞെടുപ്പ്: ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം.
കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പ്രായം: 20-30 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമപ്രകാരം ഇളവു ലഭിക്കും. യോഗ്യത, പ്രായം എന്നിവ 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 175 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം.
ഓണ്‍ലൈനായി ഫീസടയ്ക്കുന്പോൾ അതിനുള്ള നിർദേശങ്ങൾ സ്ക്രീനിൽ ലഭിക്കും. ട്രാൻസാക്ഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇ-രസീതിന്റെ പ്രിന്റെടുക്കണം.
അപേക്ഷ:www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം.