ഇൻഷ്വറൻസ് പോളിസികൾക്ക് രൂപം നൽകുന്പോൾ, അപകട സാധ്യതകൾ പരിഗണിച്ച് അടയ്ക്കേണ്ട തുക അഥവാ പ്രീമിയം നിശ്ചയിക്കുന്ന വിദഗ്ധനെയാണ് ആക്ച്വറി എന്നുപറയുന്നത്. സാന്പത്തിക, ഗണിത, സ്ഥിതി വിവര കണക്കുകളുടെ സമ്മിശ്രമായ ഇത്തരം പഠനം പൊതുവിൽ അറിയപ്പെടുന്നതാകട്ടെ ആക്ച്വറിയൽ സയൻസ് എന്നും. വികസിത രാജ്യങ്ങളിൽ ഒട്ടേറെ പ്രചാരമുള്ള ഒരു ശാസ്ത്ര ശാഖയാണ് ആക്ച്വറിയിൽ സയൻസ് എങ്കിലും ഇന്ത്യയിൽ ഇതിന്റെ പ്രാധാന്യം വർധിച്ചുവരുന്നതേയുള്ളൂ.
ഇൻഷ്വറൻസ്, ബാങ്കിംഗ്, വർക്കേഴ്സ് കോന്പൻസേഷൻ, മാനേജ്മെന്റ് അക്കൗണ്ടിംഗ്, പെൻഷൻ ഫണ്ടുകൾ, ആരോഗ്യ ഇൻഷ്വറൻസ് എന്നീ മേഖലകളിലെ വിവിധങ്ങളായ സേവനങ്ങൾ രൂപപ്പെടുത്തുന്നത് വിദഗ്ധരായ ആക്ച്വറികളുടെ സഹായത്തോടെയാണ്.
എസിഇടി
ഇന്ത്യയിൽ മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (ഐഎഐ) ആണ് ഈ രംഗത്തെ വ്യവസ്ഥാപിത സ്ഥാപനം. ആക്ച്വറീയൽ കോമണ് എൻട്രൻസ് ടെസ്റ്റ് (എസിഇടി) എന്ന പേരിൽ വർഷത്തിൽ മൂന്നു തവണയായി നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സ്റ്റുഡന്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ എന്ന നിലയിൽ തുടർ പഠനത്തിന് അവസരം ലഭിക്കും. ഫെബ്രുവരിയിൽ നടത്തുന്ന എസിഇടിക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം. ഫെബ്രുവരി 29നാണ് എസിഇടി.
70 ചോദ്യങ്ങളുടെ 100 മാർക്കിൽ നടത്തപ്പെടുന്ന ഓണ്ലൈൻ പരീക്ഷയിൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ഡാറ്റാ ഇന്റർപ്രട്ടേഷൻ, ലോജിക്കൽ റീസണിംഗ് എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് എസിഇടി. രജിസ്ട്രേഷൻ ഫീസ് 3000 രൂപ. കേരളത്തിൽ കൊച്ചി മാത്രമാണു പരീക്ഷാ കേന്ദ്രം.
വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷയ്ക്ക് (actuariesindia.org) അപേക്ഷിക്കാം.
ആക്ച്വറീയൽ സയൻസ്
ആക്ച്വറീയൽ പഠനങ്ങൾ 15 പേപ്പറുകളായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നാംഭാഗത്ത് കോർ ടെക്നിക്കൽ സീരിസ് എന്ന പേരിൽ എട്ടു തിയറി പേപ്പറുകളും ഒരു പ്രാക്ടിക്കൽ പേപ്പറും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൻറെ രണ്ടാംഭാഗമായ കോർ ആപ്ലിക്കേഷൻ സീരിസിൽ ഒരു തിയറി പേപ്പറും രണ്ട് പ്രാക്ടിക്കൽ പേപ്പറുമാണുള്ളത്. മൂന്നാംഭാഗമായ സ്പെഷലിസ്റ്റ് സീരീസിലെ രണ്ട് സ്പെഷലൈസേഷൻ പേപ്പറുകൾ ഉണ്ടാകും. നാലാംഭാഗമായി സ്പെഷലിസ്റ്റ് ആപ്ലിക്കേഷൻ സീരീസിൽ ഇഷ്ടപ്പെട്ട ഒരു പേപ്പറിൽ ആഴത്തിലുള്ള ഒരു പഠനം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഓരോ ഗ്രൂപ്പും വിദ്യാർഥികളുടെ സൗകര്യത്തിനനുസരിച്ച് പാസാകാനുള്ള സൗകര്യം ഉണ്ട്. ഈ കോഴ്സിന് ചേരാൻ പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. എങ്കിലും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും എൻജിനിയറിംഗ്, എംബിഎ, സിഎ, ഐസിഡബ്ല്യുഎ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
പഠനം
താഴെ പറയുന്ന കോളജുകളിൽ ആക്ച്വറീയൽ സയൻസ് പഠനത്തിനുള്ള സൗകര്യം ഉണ്ട്.
അമിറ്റി സ്കൂൾ ഓഫ് ഇൻഷ്വറൻസ് ബാങ്കിംഗ്, ആക്ച്വറീയൽ സയൻസ് (നോയിഡ) - ബിഎസ്സി (ആക്ച്വറീയൽ സയൻസ്), എംഎസ്സി (ആക്ച്വറീയൽ സയൻസ്). ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ബാംഗളൂരു) - എംഎസ്സി (ആക്ച്വറീയൽ സയൻസ്), ബിഷപ് ഹീബർ കോളജ് തിരുച്ചിറപ്പള്ളി - ബിഎസ്സി (ആക്ച്വറീയൽ സയൻസ്), എംഎസ്സി (ആക്ച്വറീയൽ സയൻസ്), പിജി ഡിപ്ലോമ ഇൻ (ആക്ച്വറീയൽ സയൻസ്), നാഷണൽ ലോ യൂണിവേഴ്സിറ്റി, ജോധ്പൂർ-ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് അക്ച്വറിയൽ സയൻസ്.