സംസ്ഥാനത്തെ മുന്നോക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) നടപ്പാക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ (ഐസിഡബ്ല്യുഎ) സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്.
മാർഗനിർദേശങ്ങൾ
അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാകണം. www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായി രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന രജിസ്റ്റർ നന്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കണം.ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ നന്പർ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നന്പർ ഉപയോഗിച്ചു വേണം സ്കോളർഷിപ് സ്കീമിന്റെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.അപേക്ഷകൾ ഓണ്‍ലൈനായാണ് അയയ്ക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കണം. സ്കോളർഷിപ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.സ്കോളർഷിപ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ് / ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞവരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയാറാക്കുന്നത്.അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിവരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അപൂർണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ/സ്റ്റൈപ്പൻഡുകൾ ലഭിക്കുന്ന വിദ്യാർഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. ഇതുസംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്നപക്ഷം സ്കോളർഷിപ് ഇനത്തിൽ ലഭ്യമായ തുക 15 ശതമാനം കൂട്ടുപലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്. പ്രസ്തുത വിദ്യാർഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനായിരിക്കില്ല.
ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന് തപാലിൽ അയച്ചു കൊടുക്കേണ്ട.
ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 17.
ഹയർ സെക്കൻഡറി: 4,000 രൂപ വീതം 11737 പേർക്കാണ് സ്കോളർഷിപ് നൽകുന്നത്. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ് ഗ്രേഡ്/70 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത.
ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ: ആറായിരം രൂപ വീതമുള്ള 400 പേർക്കാണ് സ്കോളർഷിപ്പ് നൽകുക. കേരളത്തിലെ സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് അനുവദിക്കുക. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 25 വയസ് തികയാൻ പാടില്ല. ഡിപ്ലോമ വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 70 ശതമാനം മാർക്ക്/ബി പ്ലസ് ഗ്രേഡാണ് അടിസ്ഥാന യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക്/ബി ഗ്രേഡാണ് അടിസ്ഥാന യോഗ്യത.
ബിരുദതലം: പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 1400 പേർക്ക് എണ്ണായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. നോണ്‍ പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 4134 പേർക്ക് 6000രൂപ വീതമാണ് സ്കോളർഷിപ്പ്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്. അപേക്ഷിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല കൂടാതെ പ്ലസ്ടു/ഹയർ സെക്കൻഡറി തലത്തിൽ 70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡാണ് അടിസ്ഥാന യോഗ്യത. പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്നവർ ആദ്യ മൂന്നു വർഷത്തെ സ്കോളർഷിപ്പിന് ഈ വിഭാഗത്തിൽ അപേക്ഷിക്കണം.
ബിരുദാനന്തര ബിരുദതലം: പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 100 പേർക്ക് 16000 രൂപ വീതമാണ് സ്കോളർഷിപ് നൽകുന്നത്. നോണ്‍ പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 200 പേർക്ക് 10000 രൂപ വീതമാണ് സ്കോളർഷിപ്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്.അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല കൂടാതെ ബിരുദ തലത്തിൽ സയൻസ് വിഭാഗത്തിന് 75 ശതമാനം/തത്തുല്യ ഗ്രേഡ്, ആർട്സ് ആൻഡ് കൊമേഴ്സ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ്, നിയമം ആൻഡ് മാനേജ്മെന്റ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത. പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്നവർ നാല്, അഞ്ച് വർഷത്തെ സ്കോളർഷിപ്പിന് ഈ വിഭാഗത്തിൽ അപേക്ഷിക്കണം.
സിഎ, സിഎസ്, സിഎംഎ (ഐസിഡബ്ല്യുഎ): 40 വിദ്യാർഥികൾക്ക് പതിനായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്) മുതലായ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല. കൂടാതെ അപേക്ഷകർ സിഎ, സിഎംഎ(ഐസിഡബ്ല്യുഎ), ഇന്റർമീഡിയേറ്റ് തലം, സിഎസ് (എക്സിക്യൂട്ടീവ് പ്രോഗ്രാം തലം പൂർത്തിയാക്കി നാലുവർഷം കഴിയാത്തവരാകണം) എന്നിവയാണ് അടിസ്ഥാന യോഗ്യത.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്: ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്) പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നന്പറിലേയ്ക്ക് എസ്എംഎസ് ലഭിക്കുന്നതാണ്. എസ്എംഎസ് ലഭിക്കുന്ന അപേക്ഷകർ മാത്രം ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും ഫീസ് ഒടുക്കിയതിന്റെ അസൽ രസീതും നിർദേശിച്ചിട്ടുള്ള രേഖകളും തപാലിൽ കേരള സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേർഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡ്, ടിസി 9/476, എൽ2, കുലീന, ജവഹർ നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം -3 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
28 വിദ്യാർഥികൾക്ക് 50000 രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രീമിയർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐഐടി, ഐഐഎം, ഐഐഎസ് സി, എൻഐടി നാഷണൽ ലോ സ്കൂൾ, ഫിലിം സ്കൂൾസ്, നിഫ്റ്റ് തുടങ്ങിയവയിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. അടിസ്ഥാന യോഗ്യത: അപേക്ഷ ക്ഷണിക്കുന്നവ അവസരത്തിൽ അപേക്ഷകന് 35 വയസ് തികയുവാൻ പാടില്ല.