അടിസ്ഥാന ശാസ്ത്രശാഖകളിൽ രാജ്യാന്തര ഒളിന്പ്യാഡിലേക്കു ശാസ്ത്ര പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിനുള്ള നാഷണൽ ഒളിന്പ്യാഡ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ജൂണിയർ സയൻസ് മേഖലകളിൽ പ്രീയൂണിവേഴ്സിറ്റി വിദ്യാർഥികളെ ആകർഷിക്കുന്നതിനും ഇന്റർ നാഷണൽ ഒളിന്പ്യാഡ്സിലേക്കു ടീമിനെ തെരഞ്ഞെടുക്കുന്നതിനും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ കീഴിലുള്ള ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ (എച്ച്ബിസിഎസ്ഇ) ആണ് നാഷണൽ ഒളിന്പ്യാഡിന്റെ സംഘാടകർ. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസ്ക്സ് ടീച്ചേഴ്സും (ഐഎപിടി) ഇതുമായി സഹകരിക്കുന്നുണ്ട്. വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതല ഐഎപിടിക്കാണ്.
മാത്തമാറ്റിക്സ് ഒളിന്പ്യാഡിൽ പങ്കെടുത്തുകൊണ്ട് 1989 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ മാറ്റുരയ്ക്കാൻ ആരംഭിച്ചത്. 1997-98ൽ എച്ച്ബിസിഎസ്ഇയും ഇന്ത്യൻ അസോസിയേഷൻ ഫോർ ഫിസിക്സ് ടീച്ചേഴ്സും (ഐഎപിടി) കൈകോർത്തുകൊണ്ട് ഇതിനുള്ള ശ്രമം ആരംഭിച്ചു. ആദ്യം ഫിസിക്സ് ഒളിന്പ്യാഡിൽ പങ്കെടുക്കുകയും തുടർന്ന് കെമിസ്ട്രി, ബയോളജി, അസ്ട്രോണമി ഒളിന്പ്യാഡുകളിൽ ഭാഗഭാക്കാകുകയും ചെയ്തു. ഈ ഒളിന്പ്യാഡുകളിൽ ഇന്ത്യൻ സംഘം കാഴ്ചവച്ച മികച്ച പ്രകടനം 2001ലും 2006ലും 2012ലും വിവിധ ഒളിന്പ്യാഡുകൾക്ക് ആതിഥ്യമരുളാൻ ഇന്ത്യക്കു കരുത്തു പകർന്നു. 2015ൽ ഫിസിക്സ് ഒളിന്പ്യാഡിന് ഇന്ത്യ ആതിഥ്യം വഹിച്ചു.
അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഇന്റർനാഷണൽ സയൻസ് ഒളിമ്പ്യാഡിനു യുവ പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്. നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷനാണ് ആദ്യ കടന്പ. അസ്ട്രോണമി, ബയോളജി, കെമിസ്ട്രി, ജൂണിയർ സയൻസ്, ഫിസിക്സ് എന്നീ വിഭാഗങ്ങളിൽ നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഉണ്ടായിരിക്കും.
2000 ജൂലൈ ഒന്നിനും 2005 ജൂണ് 30നും മധ്യേ ജനിച്ച പ്ലസ്ടു വിദ്യാർഥികൾക്കോ അതിനു താഴെയുള്ള ക്ലാസിൽ പഠിക്കുന്നവർക്കോ ആണ് അപേക്ഷിക്കാനുള്ള അർഹത. 2005 ജനുവരി ഒന്നിനും 2006 ഡിസംബർ 31നും മധ്യേ ജനിച്ച പത്താം ക്ലാസ് വിദ്യാർഥികൾക്കും താഴത്തെ ക്ലാസിൽ പഠിക്കുന്നവർക്കും ജൂണിയർ സയൻസ് സ്റ്റാൻഡേർഡ് എക്സാമിനേഷന് അപേക്ഷിക്കാം.
തുടർന്നുള്ള ഘട്ടങ്ങളിൽ യോഗ്യത നേടുന്നവർക്കു ഇന്റർ നാഷണൽ ജൂണിയർ സയൻസ് ഒളിന്പ്യാഡിൽ പങ്കെടുക്കാം. നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷന് സെപ്റ്റംബർ 15നു മുന്പ് രജിസ്റ്റർ ചെയ്യണം.
നവംബർ 17 ജൂണിയർ സയൻസ്പരീക്ഷ. മറ്റു പരീക്ഷകൾ നവംബർ 24നാണ്. അപേക്ഷാ ഫീസ് 150 രൂപ. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 80 ചോദ്യങ്ങളാണു പരീക്ഷയ്ക്കുള്ളത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഇംഗ്ലീഷ് ഭാഷയിലുമുള്ള പ്രാവീണ്യം പരീക്ഷിക്കും. പ്ലസ്ടു വരെയുള്ള സിബിഎസ്ഇ സിലബസിനെ ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ.
സ്കൂൾതല രജിസ്ട്രേഷൻ മാത്രമാണ് ഈ ഘത്തിൽ അനുവദിച്ചിട്ടുള്ളത്. അംഗീകൃത പരീക്ഷാ കേന്ദ്രമാകാനുള്ള അനുമതി സ്കൂളുകൾ നേടുകയും പത്തു വിദ്യാർഥികളെയെങ്കിലും പങ്കെടുപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമെ പരീക്ഷാ കേന്ദ്രമായി പ്രവർത്തിക്കാൻ സാധിക്കൂ.
ഇതിൽ ഉയർന്ന മാർക്ക് നേടുന്ന അഞ്ചു ശതമാനം പേർക്കു മാത്രമേ രണ്ടാംഘട്ടമായ ഇന്ത്യൻ നാഷണൽ ഒളിന്പ്യാഡ് എക്സാമിനേഷനു പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളു. ഈ ഘട്ടത്തിൽ 75 ശതമാനത്തിനു മുകളിൽ മാർക്കു നേടി ഓരോ സംസ്ഥാനത്തു നിന്നും മുൻനിരയിലെത്തുന്ന പത്തു പേരെ വീതം ഒറിയന്റേഷൻ കം സെലക്ഷൻ ക്യാന്പിലേക്കു തെരഞ്ഞെടുക്കും.2020 ജനുവരിയിലാണ് ഇന്ത്യൻ നാഷണൽ ഒളിന്പ്യാഡ്. തുടർന്ന് ഇന്റർനാഷണൽ ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം. അധ്യാപകരും വിദ്യാർഥികളും അടങ്ങുന്നതായിരിക്കും ഒളിന്പ്യാഡ് സംഘം. ഓരോ ഘട്ടത്തിലും വിജയിക്കുന്നവർക്ക് ആകർഷകമായ പ്രോത്സാഹനങ്ങളാണു വിവിധ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: http:// olympiads.hbcse.tifr.res.in. www.iapt.org.in.ഫോണ്: 022-2507 2322; 022-2548 2104; 022-2558 0036.
പ്രശസ്തമായ ശാസ്ത്ര ഒളിമ്പ്യാഡുകൾ
ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡ് (www.iapt.org.in), ഇന്റർ നാഷണണ് അസ്ട്രോണമി ഒളിമ്പ്യാഡ്, (www.ne hrusciencecentre.gov.in), ഇന്റർ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് (www.geo socindia.org), ഇന്റർ നാഷണൽ ഒളിമ്പ്യാഡ് ഇൻ ഇൻഫർമാറ്റിക്സ് (www. iarcs.org.in/inoi).