തീരസംരക്ഷണ സേനയിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാകേന്ദ്രമുള്ളത്. മുംബൈ, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം, ഗാന്ധിനഗർ, നോയിഡ, ഒറീസ എന്നിവടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: പത്താംക്ലാസും അറുപതു ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ അഞ്ചു ശതമാനം ഇളവ് ലഭിക്കും.
പ്രായം: 1998 ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31നും മധ്യേ ജനിച്ചവരാകണം. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: തുടക്കത്തിൽ 20,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പു കേന്ദ്രത്തിൽ ഉദ്യോഗാർഥി നേരിട്ടെത്തണം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും. കായികക്ഷമതാ പരീക്ഷയിൽ ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്അപ്, 10 പുഷ്അപ് എന്നിവയുണ്ടാകും.
അപേക്ഷിക്കേണ്ട വിധം:www.joincoast guard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17 വൈകുന്നേരം അഞ്ച്.