കരകൗശല മേഖലയിൽ നൂതന ചിന്തകൾക്കു വഴിമരുന്നിടുന്നതിനും സർഗാത്മക രൂപകൽപ്പനയിലേക്കു നയിക്കുന്നതിനും ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐഐസിഡി). പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഐഐസിഡി രാജസ്ഥാൻ ഗവണ്മെന്റിന്റെയും അംബുജ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത സംരംഭമാണ്.
ഇന്ത്യയിൽ മികച്ച ഡിസൈൻ കോഴ്സുകളാണ് ഇവിടുത്തെ പ്രത്യേകത. വ്യത്യസ്ത തലങ്ങളിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളും ഇന്റഗ്രേറ്റഡ് കോഴ്സുകളുമാണു ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകത. മരം, ലോഹങ്ങൾ, കല്ല് പോലെ കട്ടിയുള്ള വസ്തുക്കളിലും തുണി, തുകൽ, പേപ്പർ, പ്രകൃതിദത്ത നാരുകൾ എന്നിവ ഉൾപ്പെടുന്ന മൃദുവായ വസ്തുക്കളിലും മണ്പാത്രങ്ങൾ, സ്റ്റേണ്വേർ, ടെറാക്കോട്ട, പോർസ്ലൈൻ തുടങ്ങിയ വസ്തുക്കളിലും കരവിരുതു തീർക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്.
കൂടാതെ ബിരുദതലത്തിൽ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ് പ്രോഗ്രാമിന്റെ ഒരു വർഷത്തെ ഫൗണ്ടേഷൻ പ്രോഗ്രാം ഉൾപ്പെടെ നാലു വർഷമാണ് കോഴ്സ്. സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നിവയാണു സ്പെഷലൈസേഷനുകൾ. 120 സീറ്റ്. പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഫൗണ്ടേഷൻ പ്രോഗ്രാം ഉൾപ്പെടെ അഞ്ചു വർഷത്തെ കോഴ്സാണ്. പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 25 സീറ്റ്. ഡിസൈൻ, ആർക്കിടെക്ചർ എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്ന മാസ്റ്റേഴ്സ് പ്രോഗ്രാം രണ്ടു വർഷം കാലാവധിയുള്ളതാണ്. 75 സീറ്റ്. ബിരുദ കോഴ്സുകൾക്ക് സെമസ്റ്ററിൽ ഒരു ലക്ഷമാണു ട്യൂഷൻ ഫീസ്. ഏപ്രിൽ 14ന് രാജ്യവ്യാപകമായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.