തലശേരി: സമൂഹത്തിലെ അനീതിക്കും അസമത്വത്തിനും അവഗണനയ്ക്കുമെതിരായി പോരാടുന്ന സംഘടനയായി കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കണമെന്നും എല്ലാവരും തിരസ്കരിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള പോരാട്ടത്തിൽ കത്തോലിക്ക കോൺഗ്രസ് പിന്നോട്ട് പോകരുതെന്നും തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ അധികാരികളുടെ മുമ്പിൽ അവരുടെ ആവശ്യങ്ങൾ എത്തിക്കുവാൻ കത്തോലിക്കാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കഴിയണമെന്നും മാർ പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് തലശേരി സന്ദേശ് ഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസിന് പൊതുസമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും അതിനു കാരണം കഴിഞ്ഞ കാലങ്ങളിൽ കർഷകർക്കു വേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയും കത്തോലിക്ക കോൺഗ്രസ് നടത്തിയ ധീരമായ പോരാട്ടങ്ങളാണെന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. എവിടെയൊക്കെ അവഗണന നേരിടുന്നുണ്ടോ അവിടെയൊക്കെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശബ്ദമായി മാറിക്കൊണ്ട് ഒരു പോരാളിയുടെ ശക്തിയോടെ കത്തോലിക്ക കോൺഗ്രസ് മുന്നോട്ടു നീങ്ങണമെന്നും പുതിയ നേതൃത്വത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുത്ത് വിശപ്പ് രഹിത ജില്ലകളായി മാറ്റുന്നതിന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത നേതൃത്വം പരിശ്രമിക്കുമെന്ന് പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഫിലിപ്പ് വെളിയത്ത് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. തലശേരി അതിരൂപതയിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം കത്തോലിക്കാ കോൺഗ്രസിനെ നയിച്ച ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യഭാഷണവും തലശേരി അതിരൂപത വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി അനുഗ്രഹപ്രഭാഷണവും നടത്തി. ബെന്നി പുതിയാമ്പുറം, ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽഎന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഫിലിപ്പ് വെളിയത്ത് -പ്രസിഡന്റ്, ജിമ്മി ആയിത്തമറ്റം-ജനറൽ സെക്രട്ടറി, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ -ട്രഷറർ, ബെന്നിച്ചൻ മഠത്തിനകം, ടോമി കണയങ്കൽ, ഷിനോ പാറക്കൽ, ഐ.സി.മേരി -വൈസ് പ്രസിഡന്റുമാർ, വർഗീസ് പള്ളിച്ചിറ, ഡേവീസ് ആലങ്ങാടൻ, സിജോ കണ്ണേഴത്ത്, ജോർജ് കാനാട്ട്, സെബാസ്റ്റ്യൻ ജാതികുളം, ജോർജ് വലിയ മുർത്താങ്കൽ അഡ്വ. മാർട്ടിൻ കൊട്ടാരം, കിഷോർ ചൂരനോലി, രാജീവ് തോമസ് കണിയാന്തറ -സെക്രട്ടറിമാർ എന്നിവരാണ് ചുമതലയേറ്റത്.