ബിജു പാരിക്കാപ്പള്ളി
എടത്തൊട്ടി: കുടിയേറ്റ ജനതയുടെ സ്വപ്ന ഭൂമിയായ എടത്തൊട്ടിയിൽ ആധുനിക വിദ്യാഭ്യാസ മേഖലയിലെ കിടമത്സരങ്ങൾക്കൊപ്പം മലയോരത്തെ വിദ്യാർഥികളെ മെനഞ്ഞെടുക്കുന്നതിനായി 2000 ജൂണിലാണ് നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത്. 1911ൽ ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ സ്ഥാപിച്ച തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ തലശേരി പ്രൊവിൻസിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
755 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്ന സ്കൂളിൽ 40 അധ്യാപകരും 15 അനധ്യാപകരും ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ മികവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ഉത്തമ പൗരന്മാരയി വിദ്യാർഥികളെ മാറ്റിയെടുക്കുകയും എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. ആരംഭകാലം മുതൽ 100 ശതമാനം വിജയം നേടുന്ന നവജ്യോതി വിദ്യാഭ്യാസ രംഗത്ത് ഈ വർഷം സിൽവർ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
വിജയശതമാനം 100/100
വിജയ ശതമാനത്തിൽ മാത്രമല്ല കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്ന സ്കൂൾ ഈ വർഷവും പത്താംതരത്തിൽ (സിബിഎസ്ഇ) 100 ശതമാനം വിജയം നേടി . രണ്ട് വിദ്യാർഥികൾ 98 ശതമാനവും എട്ട് വിദ്യാർഥികൾ 95 ശതമാനവും 26 വിദ്യാർഥികൾ 90 ശതമാനം മാർക്കും നേടി സ്കൂളിന്റെ യശസ് ഉയർത്തി. പ്രഗത്ഭരായ അധ്യാപകരും ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ്, കംപ്യൂട്ടർ, മാത്സ് ലാബുകളും വിശാലമായ ലൈബ്രറിയും ഹൈ ടെക് ക്ലാസ് മുറികളും കളിക്കളങ്ങളും നവജ്യോതി സ്കൂളിന്റെ പ്രത്യേകതകളാണ്. ലീഡ് ഇന്റർനാഷണലുമായി സഹകരിച്ച് പഠന രീതിയിൽ മലയോരത്തെ ആദ്യത്തെ ഹൈടെക് വിദ്യാലയമാണ് നവജ്യോതി.
കലാ-കായിക
മത്സരങ്ങളിലും മ ുന്നിൽ
കലാകായിക മത്സരങ്ങളിലും നവജ്യോതി സ്കൂൾ തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിച്ചിട്ടുണ്ട്. കണ്ണൂർ സഹോദയ വോളിബാൾ മത്സരങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആറു വിഭാഗങ്ങളിൽ തുടർച്ചയായ എട്ടു വർഷമായി ചാമ്പ്യന്മാരായ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരാണ്. കാസർഗോഡ് നടന്ന സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിൽ നവജ്യോതിയിലെ ആൺകുട്ടികളും പെൺകുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ 1.75 കോടിയുടെ റിസർച്ച് എക്സലൻസ് സ്കോളർഷിപ്പ് നേടിയ ഫെമി ഇ. ബെന്നി, അന്തർദേശീയ കളരിപ്പയറ്റിൽ സ്വർണമെഡൽ നേടിയ അനശ്വരാ മുരളീധരൻ, കളരിപ്പയറ്റിൽ ദേശീയതലത്തിൽ വെള്ളിമെഡൽ നേടിയ ശ്രീലക്ഷ്മി എന്നിവർ നവജ്യോതിയുടെ സംഭാവനകളാണ്. വോളിബാൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ഖോ ഖോ, ബാഡ്മിന്റൺ, കീബോർഡ്, അബാക്കസ്, സൂംന്പ ഡാൻസ്, സ്കേറ്റിംഗ്, കരാട്ടെ തുടങ്ങിയവയിലും കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
സ്വപ്ന വീടൊരുക്കാൻ കുട്ടികൾ
ജന്മദിന ആഘോഷങ്ങൾ വേണ്ടന്നുവയ്ക്കുന്ന അധ്യാപകരും കുട്ടികളും ജൂബിലി വർഷത്തിൽ ഒരുക്കുന്നത് സ്വപ്നവീടാണ്. ആഘോഷങ്ങളിൽ ചെലവാകുന്ന പണം ചാരിറ്റിയ്ക്കായി മാറ്റിവച്ചാണ് ജൂബിലി വർഷത്തിൽ മഹത്തായ ലക്ഷ്യത്തിലേക്ക് ഇവർ എത്തുന്നത്.
2023-24 വർഷത്തെ ദീപികയുടെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡിന് അർഹയായ സിസ്റ്റർ അൽഫോൺസ് ടോം (എസ്എച്ച് ) ന്റെ നിരന്തര പരിശ്രമത്തിന്റെ ഫലം കൊണ്ടാണ്. ആരംഭം മുതലുള്ള സിസ്റ്ററിന്റെ സേവനം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
മലയോര ജനത ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ മലയോര മേഖലയിലെ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനത്തേക്ക് ഉയരാൻ കാരണം. അർപ്പണ ബോധമുള്ള അധ്യാപകരും ലക്ഷ്യബോധമുള്ള വിദ്യാർഥികൾക്കുമൊപ്പം ആരംഭം മുതൽ സ്കൂളിന്റെ വളർച്ചയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസ് ടോം എന്നിവരുടെ നിശ്ചയദാർഢ്യവും സ്കൂളിന്റെ വളർച്ചയ്ക്ക് കാരണം.
-ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കൽ എസ്എച്ച്,
മാനേജർ
ഏറ്റെടുത്ത ജോലി 100 ശതമാനം കൃത്യതയോടെ നിറവേറ്റാൻ മുഖ്യാധ്യാപികയായി ജോലി ചെയ്ത 22 വർഷത്തിൽ എനിക്ക് കഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുകയാണ്. എന്റെ കുട്ടികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ സിസ്റ്ററെ എന്നൊരു വിളി മാത്രം മതി എന്റെ അധ്യാപന ജീവിതം ധന്യമാക്കാൻ. ജീവൻ കൊടുത്തും സ്കൂളിനെ വളർത്തിയപ്പോൾ മേലധികാരികൾ എന്നിൽ അർപ്പിച്ച വിശ്വാസം, സപ്പോർട്ട് അതൊന്നു മാത്രമാണ് നിങ്ങൾ ഇന്ന് കാണുന്ന നവജ്യോതിയുടെ വിജയവും. നവജ്യോതിയുടെ ജൂബിലി ആഘോഷത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
-സിസ്റ്റർ അൽഫോൺസ് ടോം
ആലപ്പുരക്കൽ എസ്എച്ച്, പ്രിൻസിപ്പൽ.