മൂന്നെണ്ണം ഫലിച്ചു, 10 പ്രവചനം കൂടി നടത്തി തുമ്മാരുകുടി
Tuesday, May 23, 2023 12:06 PM IST
ദുരന്ത പ്രത്യാഘാത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടിയുടെ മറ്റൊരു പ്രവചനവും കൂടി യാഥാർഥ്യമായി. വന്യമൃഗങ്ങള്‍ നഗരത്തിലേക്കു വരുമെന്നും ദുരന്തങ്ങൾ വിതയ്ക്കുമെന്നും തുമ്മാരുകുടി പറഞ്ഞത് അടുത്തിടെയാണ്.

കോട്ടയം എരുമേലിയിലും കൊല്ലം ആയൂരിലും ജനവാസമേഖലയിലിറങ്ങി ഇന്നലെ കാട്ടുപോത്ത് മൂന്നു പേരെ കൊലപ്പെടുത്തിയപ്പോൾ ആ പ്രവചനം ഫലിക്കുകയായിരുന്നു. സംസ്ഥാനത്ത് മറ്റിടങ്ങളിലും ഇന്നലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി. കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലിറങ്ങുന്നതും നാശങ്ങൾ വിതയ്ക്കുന്നതും കൂടിക്കൂടി വരികയാണ്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് തുമ്മാരുകുടി എഴുതിയ പോസ്റ്റില്‍ കേരളത്തിൽ ഹൗസ് ബോട്ട് അപകടം ഉണ്ടാകുമെന്ന പ്രവചനമുണ്ടായിരുന്നു. മേയ് ഏഴിന് മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തിൽ 22 പേർ മരിച്ചു.

ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നും തുമ്മാരുകുടി പറഞ്ഞതും സത്യമായി. കൊല്ലം താലൂക്ക് ആശുപത്രിയിൽ വന്ദനദാസ് എന്ന യുവ ഡോക്ടറെ ആശുപത്രിക്കുള്ളിൽ കുത്തിക്കൊന്നു.

ഫ്ളാറ്റുകളിലെ അഗ്നിബാധയെക്കുറിച്ചും രൂപയുടെ താഴോട്ടുള്ള പോക്കിനെക്കുറിച്ചുമുള്ള പ്രവചനങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇവയാണ് ഇനി ബാക്കിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ തുമ്മാരുകുടി

2030 ആകുമ്പോഴേക്കും കേരളത്തിൽ സംഭവിക്കാൻ സാധ്യതയുള്ള 10 കാര്യങ്ങൾ കൂടി കഴിഞ്ഞ ദിവസം പ്രവചിച്ചു. ആ പ്രവചനങ്ങൾ ചുവടെ.

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും
2. കേരളത്തിലെ വിവാഹമോചനങ്ങൾ ഇന്നത്തേതിന്‍റെ പത്തിരട്ടിയാകും, ഇക്കാര്യത്തിൽ കേരളം ഇന്ത്യയിൽ നന്പർ വൺ ആകും
3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും
4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്‍റ് ഹോം ഉണ്ടാകും
6. പെരുമ്പാവൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലും വന്യമൃഗങ്ങൾ എത്തും
7. കേരളത്തിൽ സ്കൂളുകളും കോളജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും
9. വിദേശത്തുനിന്നും വരുന്ന പണത്തിന്‍റെ അളവ് കുറഞ്ഞു വരും
10. കേരളത്തിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.