പ്രാർഥനകൾ സഫലമായി..! വിഷ്ണുപ്രിയയെ കണ്ടെത്തി: നന്ദിയറിയിച്ച് പിതാവ്
Monday, June 3, 2019 12:11 PM IST
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മകൾ വിഷ്ണുപ്രിയയെ കണ്ടെത്തിയതായി പിതാവ് ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷവാര്‍ത്ത പങ്കുവച്ചത്. ‘മകളെ കിട്ടി, പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി’എന്നാണ് ശിവാജി ഫേസ്ബുക്കിൽ കുറിച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

മകളെ കാണാതായതായി അറിയിച്ച് താനിട്ട പോസ്റ്റ്‌ ഷെയർ ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും മാധ്യമങ്ങൾക്കും ചടയമംഗലം പോലീസിനും എസ്ഐ പ്രദീപ്‌ കുമാറിനും സഹായം നൽകാൻ എത്തിയ എല്ലാവർക്കും നന്ദിപറയുന്നതായി ശിവാജി മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.



കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. എറണാകുളത്ത് അമ്മവീട്ടിൽ പോയ വിഷ്ണുപ്രിയ 31ന് അവിടെനിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറിയിരുന്നു. വൈകുന്നേരം ആറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ട പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ മീനങ്ങാടി പൊലീസിലും പിന്നീട് ചോറ്റാനിക്കര പൊലീസിലും പരാതി നൽകുകയായിരുന്നു.

ഇതിനു പിന്നാലെയാണ് മകളെ കാണാനില്ലെന്നും സഹായിക്കണമെന്നും കാണിച്ച് പിതാവ് ശിവാജി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.