സ്വാതന്ത്ര്യം മുതല്‍ ലോക്ഡൗണ്‍വരെ: വേറിട്ട പേരുകാരുടെ കഥ
Saturday, August 13, 2022 3:05 PM IST
ഇന്ത്യയിലെ മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ദൈവങ്ങളുടെയോ കായിക താരങ്ങളുടെയോ സിനിമാ താരങ്ങളുടെയോ പേരിടാനാണ് താല്‍പ്പര്യപ്പെടുക. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ പേരുകളായിരിക്കും അവരുടെ മക്കള്‍ക്ക് നല്‍കുക.

മിക്കവാറും അതിന് പിന്നില്‍ എന്തെങ്കിലുമൊരു സംഭവമൊ കഥയോ ഉണ്ടാകാം. അത്തരത്തില്‍ ഉള്ള ചില പേരുകാരുടെ കാര്യമാണിത്.

ആസാദ് കപൂര്‍ എന്ന സ്ത്രീയുടെ പേരിന് പിന്നിലെ കാര്യം ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നാണ് ആസാദ് കപൂര്‍ ജനിച്ചത്.



ആസാദ് എന്ന വാക്കിന്‍റെ അര്‍ഥം സ്വാതന്ത്രന്‍ എന്നാണല്ലൊ. ഒരു ആണ്‍കുട്ടിയുടെ പേര് പോലെ തോന്നുന്നതിനാല്‍ കുട്ടിക്കാലത്ത് ഈ പേര് തനിക്കത്ര ഇഷ്ടമല്ലായിരുന്നെന്ന് ആസാദ് പറയുന്നു. എന്നാല്‍ സമയം കടന്നു പോയപ്പോള്‍ താനാ പേരിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതായി അവര്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 1975 ജൂണ്‍ 26നാണ് എമര്‍ജന്‍സി യാദവ് ജനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ സങ്കടകരവും ഇരുണ്ടതുമായ ഒരു കാലഘട്ടത്തെക്കുറിച്ച് ആളുകള്‍ മറക്കാതിരിക്കാനാണ് തനിക്ക് ഈ പേര് അച്ഛന്‍ നല്‍കിയതെന്ന് എമര്‍ജന്‍സി പറയുന്നു.



പത്രസ്വാതന്ത്ര്യം വരെ വെട്ടിക്കുറച്ച അടിയന്തരാവസ്ഥക്കാലത്ത് നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചിരുന്നു. എമര്‍ജന്‍സി യാദവിന്റെ പിതാവ് രാം തേജ് യാദവ് ഒരു പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി അംഗം ആയിരുന്നു.

മകന്‍ ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹം അറസ്റ്റിലായത്. 22 മാസം ജയിലില്‍ കിടന്ന അദ്ദേഹം 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷമാണ് മകനെ കണ്ടത്.

ഇന്ത്യാ-പാക് കാര്‍ഗില്‍ യുദ്ധം നടന്ന 1999 കാലത്താണ് കാര്‍ഗില്‍ പ്രഭു എന്ന യുവാവിന്‍റെ ജനനം. കാര്‍ഗില്‍ യുദ്ധത്തിന്‍റെ പേരിലാണ് അച്ഛന്‍ തനിക്കീ പേരിട്ടതെങ്കിലും യുദ്ധത്തിന്‍റെ വിശദാംശങ്ങള്‍ ഗൂഗിളില്‍ നിന്നാണ് താന്‍ മനസിലാക്കിയതെന്നാണ് പ്രഭു പറയുന്നത്.



നിലവില്‍ ചെൈന്നയില്‍ ഒരു വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന കാര്‍ഗിലിന് തന്‍റെ പേരിലുള്ള ഇടം കാണാന്‍ പോകണമെന്ന ആഗ്രഹമുണ്ട്.

2004ല്‍ മൗനതാ റോയ് എന്ന സ്ത്രീക്ക് ജനിച്ച പുത്രനാണ് സുനാമി റോയ്. തന്‍റെ മകന്‍ ജനിച്ച ദിവസം ഓര്‍ക്കുമ്പോള്‍തന്നെ സുനാമിയുടെ അമ്മയുടെ കണ്ണുകള്‍ ഈറനണിയും. 2004ല്‍ സുനാമി തിര ആഞ്ഞടിച്ച സമയം ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഒരു ചെറിയ കുന്നിന്‍ മുകളില്‍ അഭയം പ്രാപിച്ചാണ് ഗര്‍ഭിണിയായിരുന്ന മൗനിത റോയ് രക്ഷപ്പെട്ടത്.



എന്നാല്‍ അന്നേരം പ്രസവ വേദനയുണ്ടായ അവര്‍ മറ്റാരുടെയും സഹായമില്ലാതെ ഒരു പാറയുടെ മറവില്‍ മകനെ പ്രസവിക്കുകയായിരുന്നു. ഒരു ദുരന്തത്തിന്‍റെ പേരായാതിനാല്‍ പലരും സുനാമിയെ പരിഹസിക്കാറുണ്ട്. എന്നാല്‍ അവന്‍റെ അമ്മയെ സംബന്ധിച്ചിടത്തോളം ഈ പേരിന്‍റെ അര്‍ഥം പ്രതീക്ഷയും അതിജീവനവുമാണ്.

ഈ വേറിട്ട പേരുകാരുടെ നിരയിലെ പുതിയൊരു താരമാണ് ലോക്ഡൗണ്‍ കക്കണ്ടി. ഉത്തര്‍പ്രദേശിലെ ഖുഖുണ്ടു എന്ന ചെറിയ ഗ്രാമത്തിലെ ഒരു താരമാണ് ഈ ലോക്ഡൗണ്‍. ലോക്ഡൗണിന്‍റെ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവര്‍ക്കും അവന്‍റെ വിലാസം അറിയാം.



ഭാര്യയെ പ്രസവത്തിനായി കൊണ്ടുപോകാന്‍ വാഹനം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നെന്നും ഭാഗ്യവശാല്‍ തന്‍റെ മകന്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ ജനിച്ചുവെന്നും ലോക്ഡൗണിന്‍റെ പിതാവായ പവന്‍ കുമാര്‍പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.