വൈറലാകാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം; ആഗ്രഹിച്ചതിലും കൂടുതല്‍ പബ്ലിസിറ്റി നല്‍കി പോലീസ്
Monday, September 26, 2022 3:54 PM IST
ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ മിക്കതും സംഭവിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ്. പോരാഞ്ഞ് ബൈക്ക് യാത്രികരായ ചിലര്‍ നിയമങ്ങളെ കാറ്റില്‍പറത്തി സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യും.

അത്തരത്തിലൊരാള്‍ക്ക് ദുര്‍ഗ് പോലീസ് നല്‍കിയ പണിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റോഡില്‍ കുറച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി കാണാം.

എന്നാല്‍ അവയിലൊരു ബെെക്കില്‍ ഒരു ചെറുപ്പക്കാരന്‍ ഒരുവശം തിരിഞ്ഞിരുന്നു അതോടിക്കുന്നതായി കാണാം. എപ്പോള്‍ വേണമെങ്കിലും അയാളൊ അതല്ലെങ്കില്‍ ചുറ്റുമുള്ള മറ്റ് യാത്രക്കാരൊ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള രീതിയിലാണ് ഇയാളുടെ ഈ യാത്ര.

സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ ഇത്തരം സാഹസം ചെയ്തത്. ഏതായാലും ആളുടെ ആഗ്രഹം ദുര്‍ഗ് പോലീസങ്ങ് സാധിച്ചുനല്‍കി. ദുര്‍ഗ് പോലീസ് ഇയാള്‍ക്ക് 4,200 രൂപ പിഴ ചുമത്തി. പോരാഞ്ഞിട്ട് തെറ്റ് ഏറ്റുപറയിപ്പിക്കുകയും ചെയ്തു.

എന്തായാലും ഈ വീഡിയോ പോലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്നതോടെ സാഹസികന്‍ ആഗ്രഹിച്ചതിലും അധികം പബ്ലിസിറ്റി ലഭിക്കകയുണ്ടായി. കൂടാതെ കാഴ്ചക്കാരുടെ വക നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.